കോട്ടയത്ത് ‘കുടുംബപ്പോര്’, പ്രചാരണം സജീവം
text_fieldsകോട്ടയം: സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച കോട്ടയം ലോക്സഭ മണ്ഡലത്തിൽ ഇക്കുറി കേരളകോൺഗ്രസ് പാർട്ടികളുടെ നേർക്കുനേർ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് പ്രവർത്തിച്ചവരാണ് ഇക്കുറി ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. വനിതാ, സാമുദായിക വോട്ടർമാർ നിർണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനും യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഫ്രാൻസിസ് ജോർജും ജനങ്ങളെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ്. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർഥിയെന്നാണ് സൂചന.
44 വർഷത്തിന് ശേഷം ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ നേരിട്ട് ഏറ്റുമുട്ടുന്നെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. തോമസ് ചാഴികാടന്റെയും ഫ്രാൻസിസ് ജോർജിന്റെയും ചുവരെഴുത്തുകളും മണ്ഡലത്തിൽ എങ്ങും പ്രത്യക്ഷമായിക്കഴിഞ്ഞു. സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അത് ഉറപ്പിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളാണ് മുന്നണികൾ നടത്തുന്നത്. കോൺഗ്രസിന് താൽപര്യമുണ്ടായിരുന്ന സീറ്റായിരുന്നു കോട്ടയമെങ്കിലും യു.ഡി.എഫ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസിന് (ജോസഫ്) സീറ്റ് നൽകിയത്. ക്രിസ്ത്യൻ വോട്ടർമാർ നിർണായക സ്വാധീനം വഹിക്കുന്ന മണ്ഡലത്തിൽ ഈഴവ, നായർ വോട്ടുകൾക്കും വലിയ പ്രാധാന്യമാണുള്ളത്. കോട്ടയത്തെ ആറും എറണാകുളത്തെ പിറവം മണ്ഡലവും ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം പാർലമെന്റ് മണ്ഡലം.
2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിച്ച തോമസ് ചാഴികാടൻ കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെയാണ് എൽ.ഡി.എഫിലെത്തിയത്. മുന്നണി മാറ്റം ഇക്കുറി ചാഴികാടനെ സഹായിക്കുമോയെന്നാണ് കാണേണ്ടത്. ഏറ്റവും കൂടുതൽ വികസനം നടത്തിയ എം.പിയെന്ന നിലയിലാണ് ചാഴികാടൻ പ്രചാരണ രംഗത്തുള്ളത്. പല പദ്ധതികളുടെയും ഉദ്ഘാടനങ്ങളും അടുത്ത ദിവസങ്ങളിലായി പുരോഗമിക്കുകയാണ്. ഇരു സ്ഥാനാർഥികളുടെയും പ്രചാരണം മണ്ഡലത്തിൽ സജീവമാണ്. ചാഴികാടന്റെ പേരിനൊപ്പം രണ്ടില ചിഹ്നവും ചുവരെഴുത്തിൽ കാണാമെങ്കിൽ ജോസഫ് വിഭാഗത്തിന് ഔദ്യോഗിക ചിഹ്നമില്ലാത്തതിനാലും തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കാത്തതിനാലും ‘യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസീസ് ജോർജ്’ എന്ന ചുവരെഴുത്തുകളാണ് മണ്ഡലത്തിൽ ദർശിക്കാനാകുന്നത്. ദിവസങ്ങൾക്കുള്ളിൽ എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടെ മാത്രമേ മണ്ഡലത്തിലെ യഥാർഥ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ.
ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങൾ
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, വൈക്കം പിറവം (എറണാകുളം ജില്ല) നിയമസഭാമണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലം
കോട്ടയം മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് എം.എൽ.എമാരാണ്. ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങൾ മാത്രമാണ് എൽ.ഡി.എഫിനെ പിന്തുണക്കുന്നത്. കോട്ടയം മണ്ഡലത്തിന്റെ ചരിത്രവും യു.ഡി.എഫ് മനസാണ് വ്യക്തമാക്കുന്നത്.
മുൻകാല എം.പിമാർ
1977,’80 -സ്കറിയ തോമസ്, 1984- കെ. സുരേഷ് കുറുപ്പ്, 1989,1991, ‘96-രമേശ് ചെന്നിത്തല, 1998,’99, 2004 കെ. സുരേഷ് കുറുപ്പ്, 2009, ’14-ജോസ് കെ. മാണി, 2019 -തോമസ് ചാഴികാടൻ
2019 ലെ തെരഞ്ഞെടുപ്പ് ഫലം
- തോമസ് ചാഴികാടൻ (യു.ഡി.എഫ്) -4,21,046
- വി.എൻ. വാസവൻ (എൽ.ഡി.എഫ്) -3,14,787
- പി.സി. തോമസ് (എൻ.ഡി.എ) -1,06,259
- ഭൂരിപക്ഷം -1,06,259
വോട്ടർമാരുടെ എണ്ണം (തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത് വരെ പേര് ചേർക്കുന്നവർ വോട്ടർ പട്ടികയിൽ ഇടം പിടിക്കും)
നിയമസഭാമണ്ഡലം, പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡേഴ്സ് ആകെ വോട്ടർമാർ ക്രമത്തിൽ
- പുതുപ്പള്ളി- 85970, 90741, 5, 176736
- പാലാ- 88987, 94834, 0, 183821
- കടുത്തുരുത്തി-90129, 95166, 2, 185297
- കോട്ടയം-77401, 83602, 1, 161004
- ഏറ്റുമാനൂർ-80402, 84959, 2, 165363
- വൈക്കം- 78001, 83036, 3, 161040
- പിറവം -97975, 105159, 1, 203135
- പുരുഷൻമാർ -598865
- സ്ത്രീകൾ -637497
- ട്രാൻസ്ജെൻഡേഴ്സ് -14
- ആകെ വോട്ടർമാർ- 12,36,376
പുതിയ വോട്ടർമാർ നിയമസഭാ മണ്ഡലം തിരിച്ച്
- പുതുപ്പള്ളി-6320
- പാലാ-2810
- കടുത്തുരുത്തി-2669
- കോട്ടയം-2247
- ഏറ്റുമാനൂർ-2130
- വൈക്കം-1956
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.