തെരഞ്ഞെടുപ്പ് പ്രചാരണം ചൂടിലാണ്
text_fieldsകോട്ടയം: ജില്ലയിൽ വേനൽ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും കടുത്തു. ചൂട് കനത്തതോടെ സ്ഥാനാർഥികൾ പലരും ഉച്ചയോടെ പ്രചാരണം നിർത്തുകയാണ്. വൈകീട്ട് മൂന്നുമണിക്ക് ശേഷമാണ് പിന്നീട് പ്രചാരണം തുടരുന്നത്. ഉച്ചസമയം ചുട്ടുപൊള്ളുന്ന അവസ്ഥയാണ് കോട്ടയത്ത്. പുറത്തിറങ്ങിയാൽ ദേഹംപൊള്ളുന്ന പ്രതീതി. അതിരാവിലെ തന്നെ പ്രചാരണത്തിനിറങ്ങുകയാണ് സ്ഥാനാർഥികളും സംഘവും. വീടുകളിൽ രാവിലെ ചെന്നാൽ എല്ലാവരെയും നേരിൽകണ്ട് വോട്ട് അഭ്യർഥിക്കാമെന്ന ഗുണവുമുണ്ട്. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുന്നതിെൻറ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർഥികൾ. പത്രിക സമർപ്പിച്ചുകഴിഞ്ഞവർ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
ഭവനസന്ദർശനം നടത്തി കെ. അനിൽകുമാർ
കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽകുമാർ വെള്ളിയാഴ്ച ചുങ്കം, മള്ളുശ്ശേരി, ചെന്തിട്ട, പുല്ലരിക്കുന്ന്, മുളകുമരം കോളനി, വാരിശ്ശേരി, എസ്.എച്ച് മൗണ്ട് പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി. തുടർന്ന് നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ചു. പിന്നീട് കഞ്ഞിക്കുഴി, ഇറഞ്ഞാൽ ഭാഗത്തേക്ക് നീങ്ങി. ഭക്തജനങ്ങൾക്കൊപ്പം ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിലെ കാർത്തിക സദ്യയുമുണ്ടു. തുടർന്ന് കോട്ടയം ടൗണിലെ പുത്തൻപള്ളി, സേട്ടുപ്പള്ളി, താജ് പള്ളി എന്നിവിടങ്ങളിൽ ജുമാ നമസ്കാരത്തിനെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. എസ്പി.സി.എസ് ഹാളിൽ നടന്ന സ്ത്രീ ശാക്തീകരണ യോഗത്തിൽ പങ്കെടുത്തു. മാങ്ങാനം ഭാഗത്തെ കടകളിലും ആശുപത്രിയിലും വോട്ടഭ്യർഥനയോടെ പ്രചാരണം സമാപിച്ചു.
തിരുവഞ്ചൂര്‍ പത്രിക സമര്‍പ്പിച്ചു
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. താലൂക്ക് ഓഫിസില്‍ വരണാധികാരി പുഞ്ച സ്പെഷല്‍ െഡപ്യൂട്ടി കലക്ടർക്കാണ് പത്രിക നൽകിയത്. യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാൻ കുര്യന് ജോയിയുടെയും മുസ്ലിംലീഗ് നേതാവ് ഫറൂക്ക് താഴത്തങ്ങാടിയുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പോഷക സംഘടന നേതാക്കളും പ്രവര്‍ത്തകരും അണിചേർന്ന് ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി പ്രകടനമായാണ് താലൂക്ക് ഓഫിസിലേക്ക് നീങ്ങിയത്.
പ്രിൻസ് ലൂക്കോസ് പത്രിക നൽകി
ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. പ്രിൻസ് ലൂക്കോസ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ സ്ഥാനാർഥി കുടമാളൂർ പള്ളിയിൽ പ്രാർഥിച്ച ശേഷം മുൻ എം.എൽ.എ ജോർജ് ജോസഫ് പൊടിപാറയുടെ കല്ലറയിലും ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിലും എത്തി പുഷ്പാർച്ചന നടത്തി.
മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തി ഫാ. ചാവറ കുര്യാക്കോസ് ഏലിയാസിെൻറ ഖബറിടത്തിൽ പ്രാർഥിച്ചു. തുടർന്ന് വേലംകുളത്ത് എത്തി ഗുരുദേവ പ്രതിഷ്ഠയിൽ വണങ്ങി.
അതിരമ്പുഴ മുസ്ലിം പള്ളിയിലും അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിലും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും പ്രാർഥിച്ചു.
ഏറ്റുമാനൂർ കവലയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് പ്രകടനമായാണ് പത്രിക സമർപ്പണത്തിനായി എത്തിയത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഉപവരണാധികാരി ബി. ധനേഷിന് പത്രിക നൽകി.
മാണി സി.കാപ്പൻ മൂന്നാംഘട്ട പ്രചാരണത്തിൽ
പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പെൻറ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. ബൂത്ത് -മണ്ഡലംതല കൺെവൻഷനുകളാണ് പുരോഗമിക്കുന്നത്. രാമപുരം, മീനച്ചിൽ, തലപ്പലം മണ്ഡലം കൺെവൻഷനുകൾ പൂർത്തീകരിച്ചു. മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ് മണ്ഡലങ്ങളിലെ കൺവെൻഷൻ ശനിയാഴ്ച നടക്കും.
മേലുകാവിൽ 4.30ന് ബാങ്ക് ഹാളിൽ ചേരുന്ന കൺെവൻഷൻ ജോയി സ്കറിയ ഉദ്ഘാടനം ചെയ്യും. മൂന്നിലവിൽ അഞ്ചിന് പി.സി. തോമസ് ഉദ്ഘാടനം ചെയ്യും. ഫ്രാൻസീസ് കല്ലുപുരയ്ക്കാട്ടിെൻറ വസതിയിലാണ് കൺെവൻഷൻ. ഭരണങ്ങാനം മണ്ഡലം കൺെവൻഷൻ പ്രവിത്താനത്ത് റോയി മുളകുന്നത്തിെൻറ വസതിയിൽ 5.30ന് മുൻ എം.പി ജോയി എബ്രാഹം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.