തെരഞ്ഞെടുപ്പ് തോൽവി: അന്വേഷണത്തെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്-എം
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലെ ഇടതുവോട്ട് ചോര്‍ച്ചയെക്കുറിച്ച് ജില്ലതല അന്വേഷണം നടത്താനുള്ള സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്-_എം നേതൃത്വം. അതേസമയം, അന്വേഷണം പാലായിലും കോട്ടയം ജില്ലയിലും കേരള കോൺഗ്രസ് -ഇടതുബന്ധത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ഇരുപക്ഷെത്തയും നേതാക്കൾക്കുണ്ട്.
15,000 വോട്ടിനാണ് ജോസ് കെ. മാണി പാലായിൽ പരാജയപ്പെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ 15,000 വോട്ടിന് ജയിക്കുമെന്ന് മാണി സി. കാപ്പനും യു.ഡി.എഫ് നേതാക്കളും പ്രഖ്യാപിച്ചതും പിന്നീട് ഭൂരിപക്ഷം കൃത്യമായതും ഇടതുവോട്ട് ചോർച്ച ശരിവെക്കുന്നതാണെന്ന് കേരള കോൺഗ്രസ്_എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇത് കേരള കോൺഗ്രസ് നേതൃത്വം ഗൗരവമായെടുത്തെന്ന് മാത്രമല്ല സി.പി.എം സംസ്ഥാന, -ജില്ല നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ പരാജയപ്പെടുത്താൻ പാലായിൽ ഇടതുമുന്നണി -യു.ഡി.എഫ്, -ബി.ജെ.പി രഹസ്യധാരണയുണ്ടെന്ന ആരോപണവും ജോസ് കെ. മാണി ഉന്നയിച്ചിരുന്നു. ബി.ജെ.പി വോട്ടിലുണ്ടായ വൻചോർച്ചയും ഉദാഹരണമായി കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ജോസ് കെ. മാണിക്ക് ഇടതുമുന്നണിയിൽനിന്ന് കാര്യമായി വോട്ടുകിട്ടിയില്ലെന്ന നിലപാടിൽതന്നെയാണ് കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം.
ഇടതുപ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും ഒരുവിഭാഗം മാണി സി. കാപ്പന് അനുകൂലമായി പ്രചാരണത്തിനിറങ്ങുന്നുണ്ടെന്ന പരാതി അവർ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേതുടർന്ന് സംസ്ഥാന,-ജില്ല നേതൃത്വം ഇടപെട്ടിട്ടും വോട്ടുചോർച്ച തടയാനായില്ല. ജില്ലയിലെ സി.പി.എമ്മിെൻറ പ്രമുഖർ പാലായിലെത്തി പ്രാദേശിക നേതൃത്വത്തെ നേരിൽ കണ്ടിട്ടും വോട്ട് കാപ്പന് അനുകൂലമായി ഒഴുകി. സി.പി.ഐക്കെതിരെയും ഗുരുതര ആരോപണം ഉയർന്നിരുന്നു. സി.പി.ഐയുടെ പാലായിലെ പ്രമുഖ നേതാക്കളെല്ലാം കളംമാറി ചവിട്ടിയെന്നാണ് ആക്ഷേപം. പലരും മാണി സി. കാപ്പനുവേണ്ടി പരസ്യമായി വോട്ടുതേടിയെന്ന് കേരള കോൺഗ്രസ്_ എം ജില്ല നേതൃത്വം ആരോപിച്ചിരുന്നു.
പാലാ നഗരസഭയിൽ കേരള കോൺഗ്രസ്,-സി.പി.എം കൗൺസിലർമാർ ഏറ്റുമുട്ടിയതും ഇതിെൻറ ഭാഗമായിരുന്നു. ഇതേക്കുറിച്ച് അന്നുതന്നെ സി.പി.എം നേതൃത്വം അന്വേഷണം നടത്തി ഇരുകൂട്ടെരയും പ്രചാരണരംഗത്ത് സജീവമാക്കിയെങ്കിലും ബന്ധത്തെ ഇത് കാര്യമായി ബാധിച്ചു. ജോസ് കെ. മാണിക്കുവേണ്ടി കാപ്പനെ തഴഞ്ഞ ഇടതുമുന്നണി നേതൃത്വത്തോടുള്ള രോഷവും ഫലത്തെ ബാധിച്ചു. തെരഞ്ഞെടുപ്പിനുശേഷം വിജയവും തോല്‍വിയും പരിശോധിക്കുന്നത് നല്ലതാണെന്നും ഭാവിയില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഗുണം ചെയ്യുമെന്നുമായിരുന്നു മന്ത്രി റോഷി അഗസ്റ്റിെൻറ പ്രതികരണം. അന്വേഷണം സി.പി.എമ്മിെൻറ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ. മാണിയും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.