വൈറലാകും മുമ്പ് തെരഞ്ഞെടുപ്പ് മുഖം
text_fieldsകോട്ടയം: ‘‘ആദ്യം കുടിവെള്ളം എത്തിക്ക്, ഗട്ടറില്ലാത്ത റോഡ് നിർമിക്ക്, എന്നിട്ടാട്ടെ കെ-റെയിൽ’’.... സിൽവർലൈൻ പ്രക്ഷോഭകാലത്ത് സമൂഹമാധ്യമങ്ങളിൽ ഈ വാക്കുകളും വിഡിയോയും നിറഞ്ഞോടിയതോടെയാണ് മിനി കെ. ഫിലിപ്പെന്ന വനിത നേതാവിലേക്ക് പലരുടെയും ശ്രദ്ധ എത്തുന്നത്. എന്നാൽ, ഇതിനുമുമ്പ് കോട്ടയത്തെ തെരഞ്ഞെടുപ്പ് തട്ടകങ്ങളിലെ തിളങ്ങുന്ന മുഖമായിരുന്നു മിനി കെ. ഫിലിപ്പ്.
എസ്.യു.സി.ഐ സ്ഥാനാർഥിയായി 2004ലും 2009ലും കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച ഇവർ രണ്ടുതവണ നിയമസഭയിലേക്കും പോരാട്ടത്തിനിറങ്ങി. ചങ്ങനാശ്ശേരിയിൽനിന്ന് 1996ലും 2001ലുമായിരുന്നു നിയമസഭയിലേക്കുള്ള അങ്കം.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരിയായ ഇവർ കെ-റെയിൽ സമരത്തിലെ മുൻനിരപോരാളിയായിരുന്നു. സമരകാലത്ത് പദ്ധതിയുടെ ഭാഗമായി അതിർത്തിക്കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴായിരുന്നു മിനി കെ. ഫിലിപ്പിന്റെ വൈറൽ വാക്കുകൾ പിറന്നത്.
‘‘40 വർഷമായി, സുരേഷ് കുറുപ്പ് എം.പിയായിരുന്ന സമയത്ത് കല്ലിട്ട പാലമുണ്ട്. ആ പാലത്തിന്റെ പണിതീർത്ത് തരാൻ പറ. പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിച്ചുതരാൻ പറ. മര്യാദക്ക് യാത്ര ചെയ്യാൻ ഗട്ടറില്ലാത്ത റോഡ് ഉണ്ടാക്കി തരാൻ പറ. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ ഉണ്ടാക്കി തരാൻ പറ. എന്നിട്ടാട്ടേ കെ-റെയിൽ’’ - മിനി കെ. ഫിലിപ്പിന്റെ ഈ വാക്കുകൾ ജനകീയ കേരളം ഏറ്റെടുക്കുകയായിരുന്നു.
കോട്ടയത്തെ ജനകീയസമരങ്ങളിലെല്ലാം സജീവമായ മിനി ഇപ്പോൾ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് അവധി നൽകി പാർട്ടി പ്രവർത്തനത്തിലാണ് ശ്രദ്ധിക്കുന്നത്. യോഗ്യരായവർ വേറെയും ഉള്ളതിനാണ് മത്സരങ്ങളിൽനിന്ന് മാറിയതെന്ന് ഇവർ പറയുന്നു.
ജനങ്ങളുടെ യഥാർഥ രാഷ്ട്രീയ അഭിപ്രായമല്ല തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് മിനി കെ. ഫിലിപ്പ് പറഞ്ഞു. ജീവിതപ്രശ്നങ്ങളെ മുൻനിർത്തി വോട്ട് ചെയ്യുന്നില്ല. കൃത്യമായ രാഷ്ട്രീയ അവബോധം മുന്നണികൾ നൽകാത്തതാണ് ഇതിന് കാരണം. ഭരണത്തിലെത്തുന്നവരാണ് തങ്ങളുടെ പ്രശ്ങ്ങൾ പരിഹരിക്കുന്നതെന്ന ചിന്തയാണ് വോട്ടിങ്ങിൽ പ്രതിഫലിക്കുന്നത്. എന്നാൽ, ഇതല്ല യാഥാർഥ്യം. പോരാട്ടങ്ങളിലൂടെയാണ് അവകാശങ്ങളെല്ലാം ലഭിച്ചത്. ഇതൊന്നും ഭരണാധികാരികളുടെ ഔദാര്യമല്ലെന്നും ചിന്തിക്കണം. പ്രശ്നബാധിതർ ഒരുമിച്ചുനിന്ന് പ്രതികരിക്കണമെന്നും ചങ്ങനാശ്ശേരി സ്വദേശിയായ ഇവർ പറയുന്നു.
പോരാട്ടത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണെങ്കിലും കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി വി.പി. കൊച്ചുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.