വൈദ്യുതി പോസ്റ്റുകളിൽ ചാർജിങ് പോയന്‍റ്: പദ്ധതി അന്തിമഘട്ടത്തിൽ
text_fieldsകോട്ടയം: ഇലക്ട്രിക് വാഹന ഉടമകൾക്കൊരു സന്തോഷവാർത്ത. വാഹനമോടിച്ചുപോകുമ്പോൾ ചാർജ് തീർന്ന് വഴിയിൽ കിടക്കുമെന്ന പേടി വേണ്ട. ജില്ലയിൽ വൈദ്യുതിപോസ്റ്റുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് പോയന്‍റ് സ്ഥാപിക്കുന്ന പദ്ധതി (പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍) അന്തിമഘട്ടത്തിൽ.
ഒരാഴ്ച കൊണ്ട് ഒമ്പതു നിയോജകമണ്ഡലത്തിലും ചാർജിങ് പോയന്‍റ് സ്ഥാപിക്കൽ പൂർത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിവരം. ഒരു നിയോജക മണ്ഡലത്തിൽ അഞ്ച് പോയന്‍റുവീതം ജില്ലയിൽ 45 പോയന്‍റാണ് ഉണ്ടാവുക.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന സർക്കാർ വൈദ്യുതി പോസ്റ്റുകളിൽ ചാർജിങ് പോയന്‍റ് സ്ഥാപിക്കുന്നത്. മറ്റ് ജില്ലകളിലും പദ്ധതി പുരോഗമിക്കുകയാണ്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് ആദ്യമായി 10 ചാര്‍ജ് പോയന്‍റുകൾ സ്ഥാപിച്ചത്. ഇതിന്‍റെ പ്രവര്‍ത്തനം വിജയകരമായതോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വഴി പണമടച്ചാണ് ചാര്‍ജ് ചെയ്യുക. എല്ലാവിധ വൈദ്യുതി കാറുകളും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും. ഇലക്ട്രിക് ചാർജിങ് പോയന്‍റുകൾ തിരിച്ചറിയാൻ വൈദ്യുതി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും നിറം അടിച്ചിട്ടുണ്ട്. നിലവിലെ പോസ്റ്റില്‍തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക വഴി ചെലവ് കുറക്കാനാവും. 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടച്ച് ചാർജ് ചെയ്താൽ 120-130 കി.മീ ഓടാന്‍ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
കെ.എസ്.ഇ.ബിയുടെയും അനെർട്ടിന്‍റെയും ചാർജിങ് സ്റ്റേഷനുകൾക്ക് പുറമെയാണിത്. പള്ളത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിൽ ചാർജിങ് സ്റ്റേഷൻ നിർമാണം പൂർത്തിയാവുന്നു. ഒരേസമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. അനെർട്ടിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ചങ്ങനാശ്ശേരി ളായിക്കാട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.