കോട്ടയം നഗരസഭയിലെ ഭരണ പ്രതിസന്ധി മുതലെടുത്ത് ജീവനക്കാർ; അപേക്ഷകൾ കെട്ടിക്കിടക്കുന്നു
text_fieldsകോട്ടയം: നഗരസഭയിലെ ഭരണപ്രതിസന്ധി മുതലെടുത്ത് ജീവനക്കാർ. തിരുവാതുക്കൽ സോണിൽ ഒറ്റ സീറ്റിൽ മാത്രം കെട്ടിക്കിടക്കുന്നത് 157 അപേക്ഷ. കൂടാതെ ഒളിപ്പിച്ചുവെച്ച നിരവധി അപേക്ഷകളും. പുതിയ ചാർജ് ഓഫിസർ സ്ഥലംമാറ്റം ലഭിച്ചെത്തി ചുമതലയേറ്റപ്പോഴാണ് വിവരം പുറത്തുവന്നത്.
നാലുമാസമായാണ് അപേക്ഷകളിൽ നടപടിയെടുക്കാത്തത്. അതേസമയം, അപേക്ഷകർ ആരും ഇതുവരെ ആക്ഷേപവുമായി എത്താത്തതും അത്ഭുതമുണ്ടാക്കുന്നു. വിഷയം കൗൺസിലിന്റെ ശ്രദ്ധയിലും വന്നിട്ടില്ല. വിവരമറിഞ്ഞ് കോട്ടയം നഗരസഭയിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
നേരത്തേ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും സെക്ഷൻ ക്ലർക്കിനും റവന്യൂ ഇൻസ്പെക്ടർക്കും സംഭവത്തിൽ ഗുരുതര വീഴ്ച വന്നതായാണ് വിലയിരുത്തൽ. അച്ചടക്കനടപടിയുടെ ഭാഗമായി ബന്ധപ്പെട്ട ജീവനക്കാർക്ക് സെക്രട്ടറി മെമ്മോ നൽകി. നാട്ടകം സോണിലും ഇത്തരത്തിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരാതി ഉണ്ട്. ഇതുസംബന്ധിച്ച പരിശോധന പുരോഗമിക്കുകയാണ്.
നഗരസഭയിൽ കുറച്ചുനാളുകളായി തുടർച്ചയായി കൗൺസിൽ യോഗങ്ങൾ മുടങ്ങുകയാണ്. ഭരണ-പ്രതിപക്ഷ തർക്കങ്ങളും ഭരണപക്ഷത്തെ പടലപ്പിണക്കങ്ങളുമാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം. നഗരസഭയിൽ ഒന്നും നടക്കുന്നില്ലെന്ന പ്രതീതി പൊതുജനങ്ങളിലുമുണ്ട്. ഇതു മുതലെടുക്കുകയാണ് ജീവനക്കാരും. സ്ഥലംമാറ്റത്തിനുമുമ്പ് ഫയലുകൾ തീർപ്പാക്കി റിപ്പോർട്ട് നൽകാൻ സെക്രട്ടറി നിർദേശിച്ചിരുന്നുവെങ്കിലും പലരും അത് കാര്യമാക്കിയില്ല. ഓരോ സീറ്റിലും പരിശോധന അനിവാര്യമാണെന്നാണ് തിരുവാതുക്കൽ സോണിലെ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഇത് നഗരസഭക്കും കളങ്കമാവും.
നഗരസഭ ചെയർപേഴ്സൻ ഏതു പക്ഷമാണെന്നത് കൗൺസിൽ യോഗത്തിനെത്തുന്ന ആർക്കും സംശയം തോന്നാം. അത്തരത്തിലാണ് യോഗത്തിൽ കൗൺസിലർമാരുടെ ഇടപെടലുകൾ. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ചെയർപേഴ്സനെതിരെ അണിനിരക്കുന്നത്. ഭരണപക്ഷത്തുനിന്ന് ഒരാൾ തുടങ്ങിവെക്കുകയും പ്രതിപക്ഷം ഏറ്റുപിടിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.
എല്ലാ കൗൺസിൽ യോഗങ്ങളും ബഹളത്തിലാണ് അവസാനിക്കുന്നത്. ചെയർപേഴ്സന്റെ ഭരണപരിചയക്കുറവും കണക്കിലെടുത്ത് ഭരണപക്ഷം ഒറ്റക്കെട്ടായി നിൽക്കാറുമില്ല. യു.ഡി.എഫിനകത്തെ പടലപ്പിണക്കങ്ങളാണ് ഭരണപ്രതിസന്ധിക്കു കാരണമെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. എല്ലാവരെയും നിയന്ത്രിച്ച് ഒന്നിച്ചുകൊണ്ടുപോകാൻ ചെയർപേഴ്സന് കഴിയുന്നില്ലെന്നാണ് ബി.ജെ.പി അംഗങ്ങളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.