എൽ.ഡി.എഫിന് ആവേശം; മുഖ്യമന്ത്രിക്ക് വൻ വരവേൽപ്
text_fieldsകോട്ടയം: എൽ.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി മണ്ഡലത്തിലേക്ക് എത്തിയ പിണറായിക്ക് വൻ വരവേൽപാണ് പ്രവർത്തകർ ഒരുക്കിയത്. വ്യാഴാഴ്ച വൈകീട്ട് പുതുപ്പള്ളിയിലായിരുന്നു ആദ്യ പൊതുയോഗം. വിവാദങ്ങളൊന്നും പരാമർശിക്കാതിരുന്ന അദ്ദേഹം ഒരുമണിക്കൂറോളം നീണ്ട പ്രസംഗത്തിൽ വികസനത്തെ ചേർത്തുനിർത്തി.
ഏഴുവർഷം ഇടത് സർക്കാറിന്റെ കാലത്ത് കേരളത്തിലുണ്ടായ മാറ്റങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം യു.ഡി.എഫായിരുന്നു അധികാരത്തിലെങ്കിൽ ഇക്കാണുന്ന വികസനമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞു. ഏഴുവർഷം മുമ്പ് നിരാശയിലാണ്ട സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് ഇടത് സർക്കാറെത്തിച്ചു. പുതുപ്പള്ളിക്ക് അപ്പുറം കടക്കില്ലെന്നു കരുതിയ പവർ ഹൈവേ പൂർത്തിയാക്കാൻ കഴിഞ്ഞു.
ഇതെല്ലാം ഇടത് സർക്കാറിന്റെ വിജയമാണ്. ദേശീയപാത വികസനത്തിന് 2011ലെ യു.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ അദ്ദേഹം വികസനത്തിനൊപ്പം യു.ഡി.എഫ്-ബി.ജെ.പി ബന്ധമെന്ന ആരോപണവും ഉയർത്തി. അയർക്കുന്നത്ത് നടന്ന പൊതുയോഗത്തിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്.
നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടുപോകുമെന്നാണ് മാധ്യമങ്ങളുടെ ധാരണ. ഒരുകൂട്ടം മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തി. ഇവർക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ‘ചെമ്പ്’ ഓർമയില്ലേ? 99 സീറ്റും തന്നാണ് ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചത്- പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.