ഇല്ലിക്കൽകല്ലിൽ ഭീതിയാത്ര; വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചു
text_fieldsഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. ഞായറാഴ്ച രാവിലെ 10ന് മേലടുക്കം-ഇല്ലിക്കൽകല്ല് റോഡിൽ മാന്താനം ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
ഇല്ലിക്കൽകല്ല് കണ്ട് മടങ്ങി വരവെ ഇറക്കത്തിൽ ബസിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നോട്ടുരുണ്ട ബസ് റോഡരികിലെ റബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. നിസ്സാര പരിക്കേറ്റ യാത്രക്കാരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇല്ലിക്കൽകല്ലിൽ അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ സുരക്ഷ നിർദേശങ്ങളും ബാരിക്കേഡുകളും സ്ഥാപിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ചു മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. മേലടുക്കം റൂട്ടിൽ എസ് വളവിന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം. ചേർത്തല സ്വദേശികളായ അൽഫാസ് (20), റൈസൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്ക് റബർ തോട്ടത്തിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ഇതുവഴി എത്തിയ വാഹനത്തിൽ ഉടൻ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തലക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.