വനിതാ സംരംഭക ഗ്രൂപ്പിന്റെ പേരിൽ ബ്ലോക്ക് മെംബർ പണം തട്ടിയെന്ന് ആരോപണം
text_fieldsഈരാറ്റുപേട്ട: വനിതാ സംരംഭകത്വ കടലാസ് യൂനിറ്റ് രൂപവത്കരിച്ച് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ ഓഫിസിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ മെംബറും സി.പി.എം നേതാവുമായ രമ മോഹനൻ നിർവഹണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടത്തിയ ക്രമക്കേടിന്റെ രേഖകളുമായാണ് ഭരണകക്ഷി രംഗത്ത് വന്നിരിക്കുന്നത്.
കുടുംബശ്രീ യൂനിറ്റുകൾക്ക് കീഴിൽ ആരംഭിക്കുന്ന പുതിയ പദ്ധതികൾക്കുവേണ്ടി നൽകുന്ന സബ്സിഡിയുടെ പരിരക്ഷ മെംബറും സഹോദരി പുത്രിയും കൂടി രൂപവത്കരിച്ച താൽക്കാലിക ഗ്രൂപ്പിനുവേണ്ടി വാങ്ങിയ തുക ഓഡിറ്റിങ് വിഭാഗം റിപ്പോർട്ട് ചെയ്തതാണ് സംഭവം വിവാദമായത്. പൂഞ്ഞാർ പഞ്ചായത്ത് ഏഴാം വാർഡിൽ പുളിക്കപ്പാലത്ത് നഭസ് പിക്കിൾസ് ആൻഡ് സ്നാക്സ് എന്ന വനിത സംരംഭത്തിന്റെ പേരിലാണ് 2,64,250 രൂപയോളം കൈപ്പറ്റുകയും യൂനിറ്റ് തുടങ്ങാതിരിക്കുകയും ചെയ്തത്.
ഫുഡ് പ്രോഡക്ട് ഗ്രൂപ്പുകൾക്ക് പരമാവധി 1,50,000 ലക്ഷം രൂപയാണ് സബ്സിഡി നൽകാൻ സർക്കാർ നിർദേശമുള്ളത്. എന്നാൽ, രാഷ്ട്രീയ ഭരണസ്വാധീനം ഉപയോഗിച്ചാണ് തുക കൈപ്പറ്റിയത് എന്നാണ് ഭരണകക്ഷി ആരോപിക്കുന്നത്.2022-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ തട്ടിപ്പിനെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്ന രേഖകളും ഭരണസമിതി പുറത്തുവിട്ടു. വകുപ്പുതല അന്വേഷണം നടത്തുന്നതിന് പരാതി നൽകാനും
ഭരണസമിതി തീരുമാനിച്ചു. ഇത്രയും അഴിമതികൾ കാണിച്ച മെംബർക്കെതിരെ മേലധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാത്യു, ബി. അജിത് കുമാർ, മറിയാമ്മ ഫെർണാണ്ടസ്, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. ജോമോൻ ഐക്കര, ജോയി സ്കറിയ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മജു മാത്യു പുളിക്കൽ, ബ്ലോക്ക് മെംബർമാരായ ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, കെ.കെ. കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.