രാത്രി ബസുകളില്ല; യാത്രക്കാർക്ക് ദുരിതം
text_fieldsഈരാറ്റുപേട്ട: രാത്രികാല ട്രിപ്പുകൾ മുടങ്ങുന്നത് പതിവായതോടെ പൂഞ്ഞാർ, തീക്കോയി മേഖലയിലേക്കുള്ള യാത്ര ദുരിതത്തിൽ. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സി സർവിസുകളും മുടങ്ങുന്നതാണ് ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയാകുന്നത്. സന്ധ്യ മയങ്ങിയാൽ ഈരാറ്റുപേട്ടയിൽ നിന്ന് മിക്ക ഗ്രാമീണ റൂട്ടുകളിലേക്കും ബസുകളില്ലാത്ത സ്ഥിതിയാണ്. രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ ഓട്ടോറിക്ഷ വിളിച്ചു പോകേണ്ട അവസ്ഥയാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്.
നൂറുകണക്കിനുപേർ യാത്ര ചെയ്യുന്ന പൂഞ്ഞാർ, തീക്കോയി പ്രദേശങ്ങളിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് രാത്രി എട്ടിനുശേഷം ബസുകൾ ഓടുന്നില്ല. പരാതികൾ നൽകിയെങ്കിലും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
മലയോര പഞ്ചായത്തുകളായ തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലേക്കുള്ള നിരവധി കെ.എസ്.ആർ.ടിസി സർവിസുകളാണ് കോവിഡ് കാലഘട്ടത്തിൽ നിർത്തിയത്. എന്നാൽ, ഇവയൊന്നും നാല് വർഷം കഴിഞ്ഞിട്ടും പുനരാംരംഭിച്ചില്ല. കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന കൈപ്പള്ളി, ചോലത്തടം റൂട്ടുകളിലാണ് യാത്രാ ദുരിതം രൂക്ഷം.
അടിവാരം, ചോലത്തടം, കൈപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സ്റ്റേ ബസുകൾ നിർത്തിയത് യാത്രക്കാരെ വലക്കുന്നു. ബസ് സർവിസ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ഓട്ടോ, ടാക്സി കൂലി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞ വേതനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.