ഈരാറ്റുപേട്ട നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന്
text_fieldsഈരാറ്റുപേട്ട: നഗരസഭ 11ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. 13നാണ് വോട്ടെണ്ണൽ. എസ്.ഡി.പി.ഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു വർഷം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അൻസാരിക്ക് നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
ആറുമാസം അവധി അനുവദിച്ചിരുന്നുവെങ്കിലും അതിന്ശേഷവുംജാമ്യം ലഭിക്കാതായതോടെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കുകയായിരുന്നു. നഗരസഭയിൽ എസ്.ഡി.പി.ഐ.ക്ക് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. അൻസാരിയെ അയോഗ്യ നാക്കിയതോടെ അംഗസംഖ്യ നാലായി. 28 അംഗ നഗരസഭയിൽ 12 യു.ഡി.എഫ്, രണ്ട് വെൽഫെയർ പാർട്ടി, ഒമ്പത് എൽ.ഡി.എഫ്, അഞ്ച് എസ്.ഡി.പി.ഐ എന്നതായിരുന്നു കക്ഷി നില.
യു.ഡി.എഫ് ആണ് ഭരണകക്ഷി. ഉപ തെരഞ്ഞെടുപ്പ് ഫലം ഭരണത്തിൽ ചലനങ്ങൾ ഉണ്ടാക്കില്ലെങ്കിലും ഒരു ഡിവിഷൻകൂടി പിടിച്ച് ഭരണസ്ഥിരത ഉറപ്പാക്കാനാണ് യു.ഡി.എഫ് ശ്രമം. മുസ്ലിം ലീഗിനാണ് സീറ്റെങ്കിലും സ്ഥാനാർഥിയെ ഉറപ്പിച്ചിട്ടില്ല.
നാളെയോ മറ്റന്നാളോ ഇടതു മുന്നണി യോഗം ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കും. എൽ.ഡി.എഫ് സർക്കാരിന്റെ ഈരാറ്റുപേട്ടയോടുള്ള അവഗണയും ജില്ല പൊലീസ് മേധാവി ഈരാറ്റുപേട്ടയെ കുറിച്ച് നൽകിയ വസ്തുതാപരമല്ലാത്ത റിപ്പോർട്ടും ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. എസ്.ഡി.പി.ഐക്കും നിർണായക സ്വാധീനമുള്ള ഡിവിഷനാണ്. പ്രത്യേകിച്ച് സിറ്റിംഗ് സീറ്റ് നിലനിർത്താൻ ശക്തമായ ശ്രമം അവർ നടത്തും.
2021 ലെ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി 378 വോട്ടും യു.ഡി.എഫ് 304 വോട്ടും എല്.ഡി.എഫ് 294 വോട്ടും നേടിയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ 300 ലധികം കുടുംബങ്ങളിൽ നിന്നായി 1061 വോട്ടുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.