ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; മൂന്നുപേർ പിടിയിൽ
text_fieldsഈരാറ്റുപേട്ട: ടൗണിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഈരാറ്റുപേട്ട പൊലീസ് സാഹസികമായി പിടികൂടി. ഇവരില്‍നിന്ന് 100 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ഹുക്കകളും ഒരു വടിവാളും മൂന്ന് മൊബൈലും പിടിച്ചെടുത്തു. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ സഹല്‍ (23), ഷെഫിന് (19), ഷാബിര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് പൊലീസ് സംഘം മിന്നല്‍പരിശോധന നടത്തിയത്. സംഘം ടൗണിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇൗരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്.എം. പ്രദീപ് കുമാര്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു.
ഇതിനിടെയാണ് ഈരാറ്റുപേട്ട മാന്നാര്‍ െറസിഡന്‍സിയില്‍ മാരകായുധങ്ങളുമായി സംഘങ്ങള്‍ ഒത്തുചേരുന്നതായി പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രകുമാറിന് രഹസ്യവിവരം ലഭിച്ചത്. ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ ഹോട്ടൽ പരിസരത്ത് നിലയുറപ്പിച്ചു. 12ഓടെ സംഘം ഹോട്ടലില്‍ എത്തി.
ഈ സമയം മഫ്തിയില്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഹോട്ടലിൽ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ നിരവധി കഞ്ചാവ് കേസുകള്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. അടുത്തിടെ പ്രതികള്‍ മൂന്നു കിലോയോളം കഞ്ചാവ് ആന്ധ്രയില്‍നിന്ന് കേരളത്തില്‍ എത്തിച്ച് വില്പന നടത്തിയിരുന്നു. ഹോട്ടൽമുറിയിൽതന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ സൗകര്യം ചെയ്തിരുന്നു. ഹുക്ക വലിക്കുന്ന തരത്തിലുള്ള പൈപ്പില്‍ കഞ്ചാവ് നിറച്ചുനല്കും. ഇത് ഒരുതവണ ഉപയോഗിക്കുന്നതിന് 100 രൂപ ഫീസ് ഇടാക്കിയിരുന്നതായും ഇവര്‍ പറഞ്ഞു.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടർമാരായ വി.ബി. അനസ്, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജിനു, ജസ്റ്റിൻ, സിവില്‍ പൊലീസ് ഓഫിസര്‍ കിരണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.