ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ രാജിക്കത്ത് നൽകി
text_fieldsഈരാറ്റുപേട്ട: നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ തന്റെ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് കത്ത് നൽകി. മുസ്ലിംലീഗ് മുനിസിപ്പൽ കമ്മിറ്റിക്കാണ് കത്ത് കൈമാറിയത്. പാർട്ടിയിൽനിന്നും സഹപ്രവർത്തകരിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും ഒരുവിഭാഗം പാർട്ടിപ്രവർത്തകർ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും തുടങ്ങിയ കാര്യങ്ങൾ പരാമർശിച്ചാണ് കത്ത് നൽകിയത്. എന്നാൽ, ഔദ്യോഗികമായി നഗരസഭ സെക്രട്ടറിക്ക് രാജി കൈമാറിയില്ല. പുതിയ ചെയർപേഴ്സനെ പാർട്ടി കണ്ടെത്തുന്നതുവരെ സ്ഥാനം തുടരുമെന്ന് അവർ പറഞ്ഞു. ഒരാഴ്ചയായി നഗരസഭയിൽ അഴിമതി സംബന്ധമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഉറവിട മാലിന്യസംസ്കരണത്തിന് വീടുകളിൽ വെക്കുന്നതിനായി നൽകിയ വേസ്റ്റ് ബിൻ വാങ്ങിയതിലും നഗരോത്സവ നടത്തിപ്പിന്റെ പേരിലും പുതിയ കുടിവെള്ള പദ്ധതിയിലുമെല്ലാം വൻഅഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയുകയും ചെയ്തു.
തെക്കേകര 26-ാം ഡിവിഷനിൽ പണിപൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് വാങ്ങുന്നതിന് മൂന്നുലക്ഷം രൂപ മുൻകൂർ അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് വ്യക്തമായിരുന്നു. അതേ കുടിവെള്ള പദ്ധതിയിലേക്ക് വേണ്ടി റോഡ് നിർമാണത്തിനായി ഒരുലക്ഷം രൂപ ചെലവഴിച്ചതിലും ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥ മേഖലയിൽ നടത്തുന്ന അഴിമതിക്ക് ചെയർപേഴ്സന്റെ മൗനാനുവാദവും ചർച്ചയായി. ഇതിനോട് യു.ഡി.എഫിനോടൊപ്പം വെൽഫെയർ പാർട്ടിയും നിലപാട് കടുപ്പിച്ചതോടാണ് മുസ്ലിം ലീഗ് പാർട്ടി ചെയർപേഴ്സനോട് വിശദീകരണം ചോദിച്ചത്. ഇതാണ് തിടുക്കത്തിൽ രാജിവെക്കാൻ ചെയർപേഴ്സൻ ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. നഗരസഭയിൽ വരുന്ന ഒന്നരവർഷം കൂടി നേതൃമാറ്റമില്ലാതെ തുടരാനാണ് ലീഗ് കമ്മിറ്റിയുടെയും താൽപര്യം. നിലവിലെ ചെയർപേഴ്സൻ രാജിവെച്ചാൽ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കക്ഷിനില നിലനിർത്തി അധികാരത്തിൽ എത്താൻ കഴിയുമോ എന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. മറ്റൊരു മുന്നണിബന്ധത്തിനും സാഹചര്യമില്ലാത്തത് ഭരണകക്ഷിയായ യു.ഡി.എഫിന് ഭരണതുടർച്ചയിൽ പ്രതീക്ഷയുണ്ട്.
യു.ഡി.എഫ് 14 ,എൽ.ഡി.എഫ്- ഒമ്പത്, എസ്.ഡി.പി.ഐ-അഞ്ച് എന്ന നിലയിലാണ് നഗരസഭയിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.