ഈരാറ്റുപേട്ട നഗരസഭ കൗൺസിലിൽ കൈയാങ്കളി, മർദനം
text_fieldsഈരാറ്റുപേട്ട: നഗരസഭ കൗൺസിലിൽ യോഗത്തിനിടെ കൈയാങ്കളി. ഭരണകക്ഷിയംഗത്തിന് മർദനമേറ്റു. വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിലാണ് ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചത്. ഇതോടെ യോഗം പിരിച്ചുവിട്ടു.
മുസ്ലിം ലീഗ് കൗൺസിലർ സുനിൽകുമാറിന് മർദനമേറ്റതായാണ് പരാതി. സുനിലിനെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിച്ചു. സി.പി.എം അംഗങ്ങളാണ് മർദിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു.
മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇത് ചർച്ച ചെയ്യാനാണ് അടിയന്തര കൗൺസിൽ ചേർന്നത്. തെക്കേക്കരയിലെ സ്ലോട്ടർ ഹൗസ് സ്ഥിതി ചെയ്തിരുന്ന സ്ഥലം വിട്ടുനൽകണമെന്ന് ഭരണകക്ഷിയംഗങ്ങൾ നിർദേശിച്ചു. ഭൂരിപക്ഷംപേരും പിന്തുണച്ചതോടെ കൗൺസിൽ അംഗീകാരവും നൽകി.
ഇതിനിടെ കടവാമൂഴി ബസ്സ്റ്റാൻഡ് സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗം സജീർ ഇസ്മായിൽ രംഗത്തെത്തി. ഇതേച്ചൊല്ലി നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസുമായി വക്കേറ്റമുണ്ടായി. ഇത് ചോദ്യം ചെയ്തതാണ് കെ. സുനിൽകുമാറിനെ മർദിക്കാൻ കാരണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
യു.ഡി.എഫ് വനിത കൗൺസിലർമാരായ അൻസലന പരീക്കുട്ടി, സുനിത ഇസ്മായിൽ എന്നിവരെ സജീർ അസഭ്യംപറഞ്ഞതായും ആരോപണമുണ്ട്. മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ്ല ഫിർദൗസിനെ സ്റ്റീൽ പ്ലേറ്റുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി കൗൺസിലർമാർ പറയുന്നു.
എൽ.ഡി.എഫ് ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരും നേതാക്കളും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ ഓഫിസ് പടിക്കൽ ധർണ നടത്തി. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പി.എം. അബ്ദുൽ ഖാദർ, വി.പി. നാസർ, റാസി ചെറിയവല്ലം, കെ.എ. മുഹമ്മദ് ഹാഷിം, അൻവർ അലിയാർ, വി.എം.സി. റാജ്, കെ.കെ. സാദിഖ്, ഷഹീർ കരുണ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു. നഗരഹൃദയത്തിലെ കോടികൾ വിലയുള്ള ഭൂമി മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കാമെന്ന് ഉറപ്പുനൽകിയിട്ടും ചില സി.പി.എം കൗൺസിലർമാർ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
അതേസമയം, മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നഗരവികസനം അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ആരെയും അസഭ്യംപറഞ്ഞിട്ടില്ല. കടവാമൂഴിയെ അവഗണിക്കാനാണ് യു.ഡി.എഫ് ഭരണസമിതി ശ്രമിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
പ്രതിഷേധാർഹം -യു.ഡി.എഫ്
ഈരാറ്റുപേട്ട: നഗരസഭ കൗൺസിൽ യോഗത്തിനിടെ എൽ.ഡി.എഫ് കൗൺസിലർമാർ നടത്തിയ അതിക്രമത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പി.എം. അബ്ദുൽ ഖാദർ, വി.പി. നാസർ, റാസി ചെറിയവല്ലം, കെ.എ. മുഹമ്മദ് ഹാഷിം, അൻവർ അലിയാർ, വി.എം. സിറാജ്, കെ.കെ. സാദിഖ്, ഷഹീർ കരുണ, റസീം മുതുകാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.