അറബിഭാഷാ ദിനത്തിൽ നസീർ കണ്ടത്തിലിന് അഭിനന്ദനപ്രവാഹം
text_fieldsഈരാറ്റുപേട്ട: കലയും അറബിഭാഷ സ്നേഹവും അലിഞ്ഞുചേരുന്ന കലാരൂപമായ അറബിക് കലിഗ്രഫി മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി നസീർ കണ്ടത്തിലിന് അറബിക് ഭാഷ ദിനത്തിൽ അഭിനന്ദനപ്രവാഹം.
അക്ഷരങ്ങളുടെ പ്രത്യേക രീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. പ്രധാനമായും അറബിഭാഷയിലാണ് കൂടതലായി ഉപയോഗിച്ചുവരുന്നത്. ഖുർആൻ ലിഖിതം, മദ്റസകൾ, മസ്ജിദുകൾ എന്നിവ അലങ്കരിക്കാൻ ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കുന്നു. ഇതിനെ വർഷങ്ങളുടെ സപര്യകൊണ്ട് മെരുക്കിയെടുത്ത കലാകാരനാണ് നസീർ. പള്ളികളുടെ മിഹ്റാബുകളിലും അറബിക് സ്കൂളുകളുടെ ചുവരുകളിലുമായി അറബി കാലിഗ്രഫി നിർമിതിയിൽ വ്യാപൃതനാണ് അദ്ദേഹം.
അറബിക് അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റാൻ പറ്റുന്ന കലയാണ് കാലിഗ്രഫി എന്നതാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് നസീർ പറയുന്നു. 27 അറബിനാടുകളിലെ പള്ളികളിലും വീടുകളിലുമായി നൂറുകണക്കിന് ഭിത്തികളിൽ പ്രതിഫലം കൂടാതെ നസീറിന്റെ അറബി കലിഗ്രഫി സൃഷ്ടികൾ ഇന്നും ഓർമയായി തിളങ്ങുന്നുണ്ട്.
ഓർമകളുടെ നീക്കിയിരിപ്പിൽ അറബിഭാഷ പത്രങ്ങളിലും ഉർദു പത്രങ്ങളിലും വന്ന വാർത്തകളും നസീർ സൂക്ഷിക്കുന്നു. ഇത് കൂടാതെ നസീർ 150ഓളം മാപ്പിളപ്പാട്ട് ആൽബങ്ങളും പുറത്തിറക്കി. ഭാര്യ റംലയും മക്കൾ അഹമ്മദ് നാസിം, ബാസിം സബാഹ്, സൽഫസ നാഹ എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാത്തിലും മേലേ, കലിഗ്രഫി എന്ന കലാരൂപം നെഞ്ചേറ്റുന്നതിന് നസീറിന് ഒറ്റ ഉത്തരം മാത്രം, അറബി ഭാഷയോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത സ്നേഹം അറബിഭാഷ ദിനത്തിൽ നസീർ പ്രകടിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.