ഈരാറ്റുപേട്ട നഗരസഭയിൽ അഴിമതി വിവാദം; സി.ഡി.എസ് ഓഫിസ് പൂട്ടി
text_fieldsഈരാറ്റുപേട്ട: നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദറിനെതിരെ അഴിമതി ആരോപണവുമായി സി.ഡി.എസ് ചെയർപേഴ്സൻ ഷിജി ആരിഫ്. ഇതിനുപിന്നാലെ, നഗരസഭ ഓഫീസിൽ പ്രവർത്തിച്ചിരുന്ന സി.ഡി.എസ് ഓഫിസ് ചെയർപേഴ്സൻ ഇടപെട്ട് പൂട്ടി. നഗരോത്സവ ഫണ്ടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അഴിമതി ആരോപണത്തിലേക്കും ഓഫിസ് ഒഴിപ്പിക്കലിലേക്കും നയിച്ചത്.
നഗരോത്സവത്തിന് തനത് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ തുക മാറി എടുക്കുന്നതിനായി സി.ഡി.എസിന്റെ ലെറ്റർ പാഡിൽ അപേക്ഷ നൽകാൻ ഷിജി ആരിഫിനോട് സുഹ്റ അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.
എന്നാൽ, പണം ചെലവഴിച്ചതിന്റെ കൃത്യമായ ബില്ലും വൗച്ചറും ഇല്ലാതെ കത്ത് നൽകില്ലെന്ന് ഷിജി ആരിഫ് നിലപാടെടുത്തു. ഇതാണ് തർക്കത്തിന് വഴിവെച്ചത്. നഗരോത്സവം കുടംബശ്രീയുമായി ചേർന്നാണ് നഗരസഭ നടത്തിയത്. ഇതിനാലാണ് ബില്ല് മാറുന്നതിന് സി.ഡി.എസ് ചെയർപേഴ്സന്റെ അംഗീകാരം ആവശ്യമായി വന്നത്.
പിന്നാലെ, നഗരസഭയുടെ ഓഫീസിൽ നിന്നും മുന്നറിയിപ്പില്ലാതെ സി.ഡി.എസ് ഓഫിസ് ഒഴിപ്പിക്കുകയായിരുന്നു. ഓഫിസിലെ കമ്പ്യൂട്ടർ അടക്കം സാമഗ്രികളും ഫയലുകളും മാർക്കറ്റ് കോംപ്ലക്സിലെ മുറിയിലേക്ക് മാറ്റിയശേഷം ഇത് പൂട്ടി. നഗരോത്സവ നടത്തിപ്പിൽ ഓഡിറ്റോറിയം വാടക, മൈക്ക് അനൗൺസ്മെന്റ്, സ്റ്റേജ് ഡെക്കറേഷൻ എന്നിവയിൽ അഞ്ചു ലക്ഷം രൂപയുടെ അഴിമതി നടന്നതായും ഷിജി ആരിഫ് ആരോപിക്കുന്നു.
ഇത് ചൂണ്ടിക്കാട്ടിയതിലെ പ്രതികാരമായാണ് ഓഫീസ് ഒഴിപ്പിച്ചതെന്നും ഇവർ പറയുന്നു. 1500 അംഗങ്ങളുള്ള സി.ഡി.എസിന് കമ്മിറ്റി മീറ്റിങ് കൂടാൻ പോലുമുള്ള സ്ഥല സൗകര്യം പുതുതായി നൽകിയ മാർക്കറ്റ് കോംപ്ലക്സിലെ മുറിയിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.
കുടുംബശ്രീയെ തകർക്കാൻ ചെയർപേഴ്സൻ ശ്രമിക്കുന്നുവെന്നാരോപിച്ച് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നഗരസഭക്കുമുന്നിൽ ധർണയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.