സഹകരണ ബാങ്കിൽ നിക്ഷേപകരുടെ കിടപ്പുസമരം
text_fieldsഈരാറ്റുപേട്ട: നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതെ വന്നതോടെ ഗത്യന്തരമില്ലാതെ നിക്ഷേപകർ ബാങ്കിൽ കിടപ്പുസമരം ആരംഭിച്ചു. 1927 മുസ്ലിം പരസ്പരസഹായ സംഘമായി തുടങ്ങിയ കൂട്ടായ്മ 1961ലാണ് സഹകരണ ബാങ്കായി രൂപാന്തരം പ്രാപിച്ചത്. ഏറ്റവും പഴക്കം ചെന്ന ബാങ്കായതുകൊണ്ട് തന്നെ ഇടപാടുകാർക്ക് വിശ്വാസമായിരുന്നു. കഴിഞ്ഞ രണ്ട് ടേമിലെ ഭരണസമിതിയാണ് ബാങ്കിനെ ഈ നിലയിലാക്കിയതെന്നാണ് ആക്ഷേപം.
ബോർഡ് അംഗങ്ങൾക്ക് വലിയ തുക വായ്പ നൽകിയതും അവർ തിരിച്ചടവ് മുടക്കിയതും എടുത്ത ലോൺ തിരിച്ചടക്കാത്തതുമാണ് ബാങ്കിന്റെ തകർച്ചയുടെ കാരണമായി പറയുന്നത്. എന്നാൽ, നിക്ഷേപകർക്ക് മുന്നിൽ കൃത്യമായ കണക്ക് അവതരിപ്പിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. സി.പി.എം ഭരിക്കുന്ന സർവിസ് സഹകരണബാങ്കിൽ തിങ്കളാഴ്ച മുതലാണ് നിക്ഷേപകർ കിടപ്പുസമരം ആരംഭിച്ചത്.
ബാങ്കിൽപണം നിക്ഷേപിച്ചവർ തിരികെ കിട്ടാനായി മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങുകയാണ്. ബാങ്കിലെത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് അധികൃതർ മടക്കി അയക്കലാണ് പതിവ്. എല്ലാ അവധിയും കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ കിടപ്പുസമരത്തിലേക്ക് തിരിഞ്ഞത്.
ദിവസ ചിട്ടി ഇനത്തിൽ ഇറക്കിയ ഒരുലക്ഷം മുതൽ 20 ലക്ഷം സ്ഥിരം നിക്ഷേപകർ ഉൾപ്പെടെ നൂറിലധികം ആൾക്കാർക്ക് പണംതിരികെ കിട്ടാനുണ്ട്. സമരത്തിന്റെ പല ഘട്ടങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം കാരണം പണം തിരികെ ലഭിക്കുന്നത് വരെ കിടന്ന് പ്രതിഷേധിക്കാനാണ് തീരുമാനം.
പൊലീസിലും ഡിവൈ.എസ്.പിക്കും എസ്.പിക്കുമടക്കം പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ ഇടാൻപോലും ഇതുവരെയും തയാറായിട്ടില്ല. നവകേരള സദസ്സുവഴി മുഖ്യമന്ത്രിക്ക് പരാതി എത്തിയെങ്കിലും നിക്ഷേപകർക്ക് ചില്ലിക്കാശ് നൽകിയില്ല. പൂഞ്ഞാർ എം.എൽ.എ നൽകിയ ഉറപ്പുപോലും പാലിച്ചില്ലെന്ന് സമരക്കാർ ആരോപിച്ചു.
മക്കളുടെ വിവാഹം, ശസ്ത്രക്രിയ, വീട് നിർമാണം, വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം കണ്ടെത്താനാകാതെ നിക്ഷേപകർ കടുത്ത മാനസിക സമ്മർദത്തിലാണ്. നിക്ഷേപകർ പരാതിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാതെ ഇ.ഡിക്ക് തട്ടിപ്പിൽ അന്വേഷണം ആരംഭിക്കാനാകില്ല. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും ഒളിച്ചുകളിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.