ഇളപ്പുങ്കൽ പാലം തകർന്നിട്ട് എട്ടുമാസം; മറുകരയെത്താൻ മണിക്കൂറുകൾ
text_fieldsഈരാറ്റുപേട്ട: കഴിഞ്ഞവർഷത്തെ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ പാലം പുനർനിർമിക്കാനുള്ള നീക്കം ആരംഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാലം തകർന്ന നാളുകളിൽ ജനപ്രതിനിധികളെല്ലാം സന്ദർശിക്കുകയും നിർമാണപ്രവർത്തനത്തിന് വേണ്ട നടപടി ഉറപ്പുനൽകിയതുമായിരുന്നു. എന്നാൽ, എട്ടുമാസം പിന്നിട്ടിട്ടും ഒരു തീരുമാനവുമായില്ല.
ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് നിവാസികളും പാലാ നിയോജകമണ്ഡലത്തിൽ വരുന്ന തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിെൻറ മറുകരയിലെത്താൻ ആകെയുണ്ടായിരുന്ന മാർഗം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു.
ഈ പാലത്തിലൂടെയാണ് സ്കൂൾ വിദ്യാർഥികളും കോളജ് വിദ്യാർഥികളും യാത്രചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചുപോയി. പാലം തകർന്നതോടെ കാരയ്ക്കാട് സ്കൂളിലെ വിദ്യാർഥികൾ ഈരാറ്റുപേട്ട നഗരത്തിലൂടെ എട്ടു കിലോമീറ്റർ സഞ്ചരിച്ചാണ് ഇപ്പോൾ സ്കൂളിൽ എത്തുന്നത്. തോണിമറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങൾ പതിവായ സമയത്ത് 1995-2000വർഷത്തിൽ ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ നടപ്പാലം പണിതത്. പാലം തകർന്നതോടെ ഈ പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്.
കഴിഞ്ഞദിവസം മീനച്ചിലാറ്റിൽ കാണാതായ വയോധിക താമസിച്ചിരുന്നത് തകർന്ന പാലത്തിെൻറ പരിസരത്താണ്. ആറ്റിലേക്ക് ഇറങ്ങിയതോടെയാണ് അവരെ കാണാതായത്. വെറും അഞ്ചുമിനിറ്റ് കൊണ്ട് മീനച്ചിലാറിെൻറ മറുകര എത്തിയിരുന്നവർക്ക് ഇപ്പോൾ മണിക്കൂറുകൾ വേണം മറുകര എത്താൻ.
കൈക്കുഞ്ഞുമായി പലരും വളരെ സാഹസികമായി മറുകര എത്താൻ ശ്രമിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. ഇവിടെ ഗതാഗതയോഗ്യമായ പാലം വേണമെന്ന് ഒരു പതിറ്റാണ്ടുമുമ്പുള്ള ആവശ്യമാണ്. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട പീരുമേട് സംസ്ഥാനപാതയും ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നുപോകുന്നു.
ഇവിടെ ഗതാഗതയോഗ്യമായ പാലം പണിതാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നവർക്ക് ആറുകിലോമീറ്റർ ദൂരം കുറച്ച് സഞ്ചരിച്ചാൽ മതി. അതുകൂടാതെ ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.