ഈരാറ്റുപേട്ടയിൽ ഇളകിയാടുന്ന അധ്യക്ഷ കസേര; സ്തംഭിച്ച് വികസനം
text_fieldsഈരാറ്റുപേട്ട: കഴിഞ്ഞ ഭരണസമിതിയുടെ അഞ്ച് വർഷക്കാലത്ത് അഞ്ച് പ്രാവശ്യം ഇളകിയാടിയ ചെയർമാൻ കസേര ഇത്തവണ തുടക്കത്തിൽ തന്നെ ഇളകി. പുതിയ ഭരണസമിതി അധികാരത്തിലേറി എട്ടുമാസം പിന്നിട്ടപ്പോൾ ആദ്യ അവിശ്വാസത്തിലൂടെ ചെയർപേഴ്സൻ പുറത്തായി. കഴിഞ്ഞ ഭരണസമിതിയിൽ രണ്ടര വർഷത്തിനുശേഷമാണ് ആദ്യ ഇളക്കം സംഭവിച്ചത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ മറുകണ്ടം ചാടിയതോടെയാണ് അവിശ്വാസങ്ങൾ വന്നത്.
ഇത്തവണയും ഇതിനു മാറ്റമില്ല. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയെ ഒപ്പം കൂട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസം പാസാക്കിയത്. ഇതോടെ പുതിയ ഭരണസമിതിയിലെ ആദ്യ ചെയർമാൻ സുഹ്റ അബ്ദുൽ ഖാദർ പുറത്തായി. തുടർന്ന് ഏഴാമത്തെ അധ്യക്ഷനുവേണ്ടി കാത്തിരിപ്പ് തുടങ്ങി. അധ്യക്ഷ കസേരകൾ ഇളകിയാടുേമ്പാൾ വികസനത്തിനു പിന്നോട്ടടിയാണ്. കാര്യമായ പദ്ധതികളൊന്നും നടപ്പാക്കാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇടത്-വലത് മുന്നണികൾ. ഇരുകൂട്ടരും തങ്ങൾക്കാവുന്ന വിധം അധ്യക്ഷൻമാരെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. മറ്റെങ്ങും കാണാത്ത വിധം പ്രാദേശിക നീക്കുപോക്കുകൾക്കും ഇവിടം വേദിയാണ്.
2015ലാണ് സ്പെഷല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്തായിരുന്ന ഈരാറ്റുപേട്ടയെ നഗരസഭയായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. നഗരസഭയായി ഉയര്‍ത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായിരുന്നു ഭരണം. സി.പി.എം -ഏഴ്, സി.പി.ഐ -രണ്ട്, ജനപക്ഷം -നാല്, മുസ്ലിംലീഗ് -എട്ട്, കോൺഗ്രസ് -മൂന്ന്, എസ്.ഡി.പി.ഐ -നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. ജനപക്ഷത്തിനൊപ്പം ചേർന്ന് ഇടതുമുന്നണി ഭരണം പിടിച്ചു. സി.പി.എമ്മിലെ ടി.എം. റഷീദ് പ്രഥമ ചെയര്‍മാനായി. ജനപക്ഷത്തിലെ കുഞ്ഞുമോള്‍ സിയാദ് വൈസ് ചെയര്‍പേഴ്സനുമായി ഭരണം ആരംഭിച്ചു.
ഭരണം രണ്ടര വർഷം തികച്ചതിനു പിന്നാലെ ചെയർമാനും ജനപക്ഷവും തമ്മിൽ അകന്നു. ഇതിനു പിന്നാലെ യു.ഡി.എഫിലെ പതിനൊന്നും ജനപക്ഷത്തെ നാല് അംഗങ്ങളും ചേർന്ന് അവിശ്വാസം കൊണ്ടുവന്നു. എന്നാൽ, അവിശ്വാസം ചർച്ചക്കെടുക്കുന്ന ദിവസം ജനപക്ഷത്തെ കുഞ്ഞുമോൾ സിയാദിനെ ഒപ്പം നിർത്തിയതോടെ അവിശ്വാസം പരാജയപ്പെട്ടു. ആറു മാസത്തിനുശേഷം രണ്ടാം അവിശ്വാസം വന്നു. സി.പി.എം സ്വതന്ത്രനായി മത്സരിച്ച വി.കെ. കബീർ വലതുപാളയത്തിലേക്ക് ചാടിയതോടെ ഇടതിന് ഭരണം നഷ്ടമായി. തുടര്‍ന്നുനടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണയോടെ വി.കെ. കബീര്‍ ചെയര്‍മാനായി.
അധികം വൈകാതെ വി.കെ. കബീറിനെതിരെ ആരോപണങ്ങൾ ഉയരുകയും യു.ഡി.എഫ് തന്നെ ചെയർമാനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്കി. എന്നാൽ, പ്രമേയം ചര്‍ച്ച ചെയ്യുന്നതിനു മുമ്പേ വി.കെ. കബീര്‍ രാജിെവച്ചു.
പിന്നീട് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണയിൽ ഇടതു സ്ഥാനാർഥി ലൈല പരീത് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മിനിറ്റുകള്‍ക്കുള്ളിൽ രാജിനൽകി. എസ്.ഡി.പി.ഐയുടെ പിന്തുണയിൽ ഭരിക്കേണ്ടതില്ലെന്ന എൽ.ഡി.എഫ് നിർദേശത്തെതുടർന്നായിരുന്നു തീരുമാനം.
വീണ്ടും തെരഞ്ഞെടുപ്പ് നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കി. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിംലീഗിലെ വി.എം. സിറാജ് ചെയര്‍മാനായി. അവസാന ആറു മാസം കോണ്‍ഗ്രസിന് ഭരണം നല്‍കാമെന്നായിരുന്നു യു.ഡി.എഫിലെ ധാരണ. എന്നാൽ, വി.എം. സിറാജ് രാജിക്ക് തയാറാകാത്തതിനെച്ചൊല്ലി യു.ഡി.എഫിൽ ഭിന്നതകളും ഉടലെടുത്തു. ഇതിനൊടുവിൽ ഇടതുമുന്നണിയും കോണ്‍ഗ്രസും ചേര്‍ന്ന് വി.എം. സിറാജിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്കി. ഇതോടെ വി.എം. സിറാജ് രാജിെവച്ചു.പിന്നാലെ അഞ്ചാമത് ചെയര്‍മാനായി കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.