ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി സാമ്പത്തിക തട്ടിപ്പ്: കോട്ടയത്ത് ഒരാൾക്ക് കൂടി നോട്ടീസ്
text_fieldsകോട്ടയം: നഗരസഭയിലെ കോടികളുടെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥക്കെതിരെയും സാമ്പത്തിക തട്ടിപ്പുകേസിൽ വകുപ്പ് വിശദീകരണം തേടി. നേരത്തേ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ സി.ഡി.എസ് മെംബർ സെക്രട്ടറി ആയിരുന്ന, നിലവിൽ കോട്ടയം നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഉദ്യോഗസ്ഥക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ 50 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ നടപടിയെടുക്കാതിരിക്കാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
15 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. വനിത വികസന കോർപറേഷനിൽനിന്ന് അനുവദിച്ച വായ്പ മുൻ സി.ഡി.എസ് ചെയർപേഴ്സനും വൈസ്ചെയർപേഴ്സനും അക്കൗണ്ടന്റും കൂടി കൃത്യമായ കണക്കുകൾ കാണിക്കാതെ തട്ടിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് സി.ഡി.എസ് മെംബർ നൽകിയ പരാതിയിൽ വിജിലൻസ് സംഘം മുനിസിപ്പാലിറ്റിയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. മൈക്രോഫിനാൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട സി.ഡി.എസിലെ ആറ് കുടുംബശ്രീ ഗ്രൂപ്പുകൾക്ക് വായ്പയായി 46.26 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഉത്തരവിനു വിരുദ്ധമായി അനുമതി ഇല്ലാതെ 10 കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തുക വീതിച്ചുനൽകിയതായും ആറ് കൈപ്പറ്റ് രസീതുകൾ മാത്രമാണ് ജില്ല മിഷൻ ഓഫിസിലേക്ക് നൽകിയതെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പിന്റെ നടപടി. ക്രമക്കേടിന് സി.ഡി.എസ് മെംബർ സെക്രട്ടറി ആയിരുന്ന ഉദ്യോഗസ്ഥ ഉത്തരവാദിയാണെന്നും നോട്ടീസിൽ പറയുന്നു.
അസോസിയേഷൻ സംസ്ഥാന നേതാവായ ഈ ഉദ്യോഗസ്ഥ ഈരാറ്റുപേട്ടയിൽ അഖിൽ സി. വർഗീസിനൊപ്പം ജോലി ചെയ്തിരുന്നു. ഇവരുടെ സ്വാധീനഫലമായാണ് അഖിൽ കോട്ടയം നഗരസഭയിലെത്തിയതെന്നാണ് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിക്കുന്നത്. പഴയ ഭരണസമിതിയുടെ അവസാന കാലത്താണ് അഖിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ നിയമിക്കപ്പെടുന്നത്. എന്നാൽ, ഇപ്പോൾ ചെയർപേഴ്സനെ നിയന്ത്രിക്കുന്നത് ഇവരടങ്ങിയ ഉപജാപകവൃന്ദം ആണെന്ന് ജീവനക്കാരിൽ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
അഖിലിന്റെ തട്ടിപ്പ് പുറത്തുവന്ന ഉടൻ സെക്ഷനിലെ ജീവനക്കാരെയെല്ലാം സീറ്റ് മാറ്റാൻ സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉദ്യോഗസ്ഥയുടെ സ്വാധീനത്തിന്റെ ഫലമായി വൈകുന്നേരം വരെ ഉത്തരവിൽ നടപടിയെടുത്തില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രതി അഖിൽ സി. വർഗീസ് ഇടതു യൂനിയൻ അംഗമാണെന്ന് ആരോപണം നിലവിലിരിക്കെ അതിൽനിന്ന് രക്ഷപ്പെടാനാണ് ഉദ്യോഗസ്ഥക്കെതിരെ രംഗത്തുവന്നിട്ടുള്ളതെന്നാണ് യു.ഡി.എഫിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.