അപകടഭീഷണി ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ് ഭാഗികമായി പൊളിക്കും
text_fieldsഈരാറ്റുപേട്ട: അപകടഭീഷണി ഉയർത്തുന്ന ഈരാറ്റുപേട്ട നഗരസഭ ബസ്സ്റ്റാന്റ് ഭാഗികമായി പൊളിച്ചുനീക്കാൻ തീരുമാനം. ജീർണ്ണാവസ്ഥയിലായ ബസ് സ്റ്റാന്റ് സമുച്ചയം തകർന്നുവീഴാറായ നിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്ന് വീഴാതിരിക്കാൻ ഇപ്പോൾ നെറ്റ് വലിച്ച് കെട്ടിയിരിക്കുകയാണ്. ഈഭാഗമാണ് പൊളിച്ചുനീക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദർ പറഞ്ഞു. പുതിയ ബസ് സ്റ്റാൻ്റ് നിർമ്മാണത്തിന് ടെണ്ടറായാൽ ബാക്കിയുള്ള ഭാഗവും കൂടി പൊളിച്ചുനീക്കി ബസ് സ്റ്റാൻൻ്റ് പുതുക്കി പണിയാനാണ് തീരുമാനം.
നിലവിലുള്ള ഇരുനിലക്കെട്ടിടത്തിന് പകരം ഏഴു കോടിയിലധികം രൂപ ചിലവിട്ട് അഞ്ച് നിലകളുള്ള മള്‍ട്ടിപര്‍പ്പസ് ഷോപ്പിംഗ് കെട്ടിടം നിർമ്മിക്കുകയായിരുന്നു ലക്ഷ്യം.
70 കടമുറികളും ഓഫീസ് ഏരിയയും കാര്‍ പാര്‍ക്കിംഗ് സൗകര്യവും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നൽ, നിർമാണം ആരംഭിക്കാനായിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്നും ഭരണാനുമതി ലഭിക്കാത്തതാണ് ബസ് സ്റ്റാന്റ് നിർമ്മാണം തുടങ്ങാതെന്നാണ് നഗരസഭ പറയുന്ന കാരണം.
നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡിന് നാൽപ്പത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല. കഴിഞ്ഞദിവസം ബസ് കാത്തിരുന്ന യുവതിയുടെ തലയിലേക്ക് കോൺക്രീറ്റ് അടർന്ന് വീണിരുന്നു.
ദിവസേന നൂറ് കണക്കിന് പേരാണ് സ്റ്റാന്റിലെത്തുന്നത്. കോൺക്രീറ്റ് കഷണങ്ങൾ യാത്രക്കാരുടെ ദേഹത്തേക്ക് അടർന്ന് വീഴാതിരിക്കുന്നതിനായി നെറ്റ് വലിച്ച് കെട്ടിയിരിക്കുകയാണിപ്പോൾ.
പല പ്രാവിശ്യം ബസ്റ്റാൻഡ് പൊളിക്കാനുള്ള തീരുമാനമെടുത്തെങ്കിലും കച്ചവടക്കാരുടെഏതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടിവന്നിരുന്നു.
കെട്ടിടത്തിന് നഗരസഭ എൻജിനീയറിങ് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇതോടെയാണ് പൊളിക്കാനുള്ള തീരുമാനം. ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം നഗരസഭ സർവ്വകക്ഷിയോഗം വിളിച്ചിരുന്നു. ഇതിൽ കാലപ്പഴക്കം ചെന്ന ബസ്റ്റാൻഡ് പൊളിച്ചു നീക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.