കളിചിരി മായുംമുമ്പേ ഫൈഹക്ക് വിടയേകി ജന്മനാട്
text_fieldsഈരാറ്റുപേട്ട: കളിയും ചിരിയുമായി ഓടിനടന്ന കുഞ്ഞുഫൈഹക്ക് ജന്മനാട് കണ്ണീരോടെ വിടനൽകി. ആകസ്മികമായി എത്തിയ മരണവാർത്ത വിശ്വസിക്കാനാവാതെ പലരും അമ്പരന്നു.കളിക്കൂട്ടുകാരോട് യാത്രപറഞ്ഞ് കല്യാണച്ചടങ്ങിന് പോയപ്പോൾ ആരും വിചാരിച്ചില്ല അത് അവസാനയാത്രയാകുമെന്ന്.
ഒന്ന് കണ്ടവർ പിന്നീട് മറക്കില്ല ഫൈഹയുടെ ഓരോ പെരുമാറ്റവും. നഴ്സറി മുതൽ പഠിപ്പിച്ച അധ്യാപകർ അതുതന്നെ അടക്കം പറഞ്ഞാണ് വിങ്ങിപൊട്ടിയത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. മാതാവിന്റെ സ്വദേശമായ പുന്നപ്രയിലേക്ക് വിവാഹ നിശ്ചയത്തിന് പോയതാണ് കുടുംബം.
ചടങ്ങ് കഴിഞ്ഞ് ദൂരെനിന്നും വന്നവരെ യാത്രയാക്കാനായി പിതാവിനൊപ്പം ടൗണിലേക്ക് പോയതാണ്. അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് ഫൈഹയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂഞ്ഞാർ ഗൈഡൻസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ് ഫൈഹ. പിതാവ് ഫാസിൽ ഈരാറ്റുപേട്ടയിലെ വ്യാപാരിയാണ്.മാതാവ് റസാന. ഏകസഹോദരൻ ഫിദാൽ (മൂന്ന്).നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഏറെ വ്യസനത്തിലാണ് ഫൈഹയുടെ മാതാപിതാക്കളും ബന്ധുക്കളും. സമാശ്വസിപ്പിക്കാൻ കഴിയാതെ കുഴയുകയാണ് ബന്ധുക്കളും നാട്ടുകാരും.
തിങ്കളാഴ്ച രാവിലെ പത്തിന് ആലപ്പുഴയിൽ നിന്നും മൃതദേഹം വിട്ടുകിട്ടി. മാതാവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുവന്നു. വൈകിട്ട് നാലിന് വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.