മീനച്ചിലാറ്റിലെ വെള്ളപ്പൊക്കം: വാഗമൺ ടണലിലെ മണൽ നീക്കി
text_fieldsഈരാറ്റുപേട്ട: വർഷകാലത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്ന് തീരപ്രദേശങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിന് ദീർഘകാല നടപടികളുടെ ഭാഗമായി വാഗമണ്ണിലെ കെ.എസ്.ഇ.ബി ടണലിലെ മണൽ നീക്കി. വാഗമണ്ണിലെ അറപ്പുകാട്-കുളമാവ് ടണലിൽ അടിഞ്ഞ മണൽ മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് ചെക്ക് ഡാം നിറഞ്ഞ് അധിക ജലം മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതാണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിന് ഒരു കാരണമായി കെ.എസ്.ഇ.ബി നിയോഗിച്ച പഠനസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണൽ നീക്കി ടണലിലെ വെള്ളമൊഴുക്ക് സുഗമമാക്കാൻ നടപടിയെടുത്തത്. പാലായിലും സമീപ പ്രദേശങ്ങളിലും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ വ്യാപാരി വ്യവസായികൾ ജോസ് കെ. മാണി എം.പിക്ക് നിവേദനം നൽകിയിരുന്നു. തുടർനടപടിയുടെ ഭാഗമായാണ് മണൽ നീക്കാൻ സാഹചര്യമുണ്ടായത്. ചെക്ക് ഡാം, ടണൽ പദ്ധതികൾ കാരണം വേനൽക്കാലത്ത് മീനച്ചിലാറ്റിൽ ജല ലഭ്യത കുറയുന്ന സാഹചര്യവും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. ചെക്ക് ഡാമിൽ വാൽവ് സംവിധാനം സ്ഥാപിച്ച് മീനച്ചിലാറ്റിൽ ജലലഭ്യത ഉറപ്പുവരുത്താനും കഴിയുമെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാപാരി പ്രതിനിധികളായ ജയേഷ് പി. ജോർജ്, ജോസ് ജോസഫ്, തോമസ് പീറ്റർ, അനൂപ് ജോർജ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും ചർച്ചകളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.