അനുഭവങ്ങൾ ഏറെയുണ്ട് ഹനീഫയുടെ പലചരക്കുകടക്ക്
text_fieldsഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽനിന്ന് 16 കിലോമീറ്റർ അകലെ മലയോര പ്രദേശമായ പഴുക്കാക്കാനം, നെല്ലാ പാറക്കാരുടെ ഏക ആശ്രയമാണ് ആലുന്തറയിൽ ഹനീഫയുടെ പലചരക്കുകട. കാൽനൂറ്റാണ്ടിന്റെ അനുഭവങ്ങളുണ്ട് പലചരക്ക് കടക്ക് പറയാൻ. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളായിരുന്നു ഇവിടത്തെ താമസക്കാർ. സാധനങ്ങൾ വാങ്ങാൻ ഈ പ്രദേശത്തുകാർ ആറു കിലോ മീറ്റർ താഴെ മൂന്നിലവിനെ ആശ്രയിച്ചിരുന്ന കാലത്താണ് നടന്ന് വ്യാപാരം നടത്തിയിരുന്ന ഹനീഫ നാട്ടുകാരുടെ ആവശ്യപ്രകാരം പലചരക്ക് കട തുറന്നത്. ജസ്റ്റിൻ കാവുകാട്ടിന്റെ ഉടമസ്ഥതയിലെ തടികൊണ്ട് പണിത കടമുറി 90 രൂപക്ക് അന്ന് വാടകക്ക് കിട്ടിയതും സഹായമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം കൊണ്ട് ഭീഷണിയിലായ പ്രദേശത്തേക്ക് എത്തിച്ചേരാൻ കല്ലുകൾ നിറഞ്ഞ വഴി മാത്രമാണ് അന്ന് ഉണ്ടായിരുന്നത്.
മങ്കൊമ്പിൽ ബസ് ഇറങ്ങി ആറു കിലോ മീറ്റർ തലച്ചുമടായി സാധനങ്ങൾ കടയിൽ എത്തിച്ചിരുന്നത്. കട അടച്ചശേഷം തിരികെ ആറു കിലോമീറ്റർ നടന്നുവേണം ബസ് സ്റ്റോപ്പിലേക്ക് എത്താൻ. അന്ന് തുടങ്ങിയ നടപ്പ് ഹനീഫ ഇന്നും തുടരുന്നു. വ്യാപാരം തുടങ്ങിയ ആദ്യ നാളുകളിൽ 70 കുടുംബങ്ങൾ പ്രദേശത്തുണ്ടായിരുന്നു. അന്ന് ശരാശരി 5000 രൂപയുടെ വരെ കച്ചവടമുണ്ടായിരുന്നു.
തുടർന്ന് ഗതാഗത സൗകര്യങ്ങൾ വന്നതും പാറമട ലോബി പിടി മുറുക്കിയതും കാരണം പലരും പ്രദേശം വിട്ടുപോയി. ഇപ്പോൾ 16 കുടുംബങ്ങൾ മാത്രമാണ് ഉള്ളത്. ആയിരം രൂപയിൽ താഴെ കച്ചവടം എത്തിയിട്ടും കട നിർത്താതെ മുന്നോട്ട് പോകുന്നത് നിലവിലെ താമസക്കാർക്ക് വേണ്ടിയാണെന്ന് ഹനീഫ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.