മണ്ണിടിച്ചിലും ഉരുൾപൊട്ടലും
text_fieldsഈരാറ്റുപേട്ട: ഞായറാഴ്ച പകൽ രണ്ടു മുതൽ പെയ്ത മഴയെ തുടർന്ന് മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും. മൂന്നിലവ് കളത്തൂകടവ്, ഈരാറ്റുപേട്ട, പനക്കപാലം പ്രദേശങ്ങൾ വെള്ളത്തിലായി. രാത്രി മഴക്ക് ശമനം ഉണ്ടായെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ വീണ്ടും ശക്തിപ്പെട്ടു. മീനച്ചില്‍ താലൂക്കിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈരാറ്റുപേട്ട, മൂന്നിലവ്, മേലുകാവ്, പൂഞ്ഞാര്‍ മേഖലകളില്‍ മഴ ശക്തമായി.
മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ പെയ്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതിന്റെ കണക്ക് അധികൃതര്‍ ശേഖരിച്ച് വരുകയാണ്. നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുമുണ്ടായി. മീനച്ചിലാറ്റില്‍ ഉച്ചയോടെ ജലവിതാനം താഴ്‌ന്നെങ്കിലും മഴ തുടരുന്നതോടെ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയുയർത്തി. രാത്രി മഴ കുറഞ്ഞതോടെ റിവര്‍വ്യൂ റോഡിലേക്ക് എത്താതെ വെള്ളം രണ്ടടിയോളം താഴ്ന്നുനിന്നു. തിങ്കളാഴ്ച മൂന്നുമണിയോടെ മൂന്നിലവ് ടൗൺ വെള്ളത്തിലായി. മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയത് അൽപം ആശ്വാസമായി.
മൂന്നിലവ് പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളില്‍ അതിശക്തമായ മഴയായിരുന്നു. തുടര്‍ന്ന് താഴ്ഭാഗങ്ങളില്‍ വലിയതോതിലാണ് വെള്ളം എത്തുന്നത്. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെയാണ് ഒഴുകിയത്. മൂന്നിലവ് ടൗണിലെ കടകളും പഞ്ചായത്ത് ഓഫിസും വെള്ളത്തിൽ മുങ്ങി. പഴുക്കക്കാനം, വെള്ളറ, മേച്ചാല്‍, വാളകം, എരുമപ്ര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. വ്യാപാരികള്‍ പുലര്‍ച്ച ശുചീകരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജോലികള്‍ വൃഥാവിലായി. ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയില്‍ ടൗണ്‍ വീണ്ടും വെള്ളത്തിലായി.
റോഡുകളിലും കോസ് വേകളിലും വെള്ളം
എരുമേലി: കനത്ത മഴയിൽ മണിമല, പമ്പ, അഴുത ആറുകൾ കരകവിഞ്ഞ് ഒഴുകിയതോടെ മലയോര മേഖലകൾ ഒറ്റപ്പെട്ടു. റോഡുകളും കോസ്വേകളിലും വെള്ളം കയറിയതാണ് ഒറ്റപ്പെടലിന് കാരണം. അരയാഞ്ഞിലിമൺ, ഒഴക്കനാട്, മൂക്കംപെട്ടി കോസ്വേകൾ വെള്ളത്തിനടിയിലായി. അരയാഞ്ഞിലിമൺ നിവാസികളാണ് പൂർണമായും ഒറ്റപ്പെട്ടത്.
കൊരട്ടി റോഡിൽ വെള്ളം കയറിയതോടെ എരുമേലി - കാഞ്ഞിരപ്പള്ളി റോഡിലൂടെ ഗതാഗതം തടസ്സപ്പെട്ടു.എരുമേലി ടൗണിന് സമീപത്തെ വലിയതോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വ്യാപാരികൾ ആശങ്കയിലാണ്. നിരവധി വീടുകളിലും വെള്ളം കയറി.
വലിയതോടിെൻറ കൊരട്ടി ഭാഗത്ത് ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ രണ്ട് കുടുംബങ്ങളെ കെ.ടി.ഡി.സിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളിൽ പലരും ബന്ധുവീടുകളിലേക്ക് മാറി.പ്രകൃതിദുരന്തം നേരിടുന്ന പ്രദേശം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.