വീടുകയറി ആക്രമണം: ഒളിവിലിരുന്നവര് അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസിൽ ഒളിവില്‍കഴിഞ്ഞ നാലുപേരെ അറസ്റ്റ് ചെയ്തു. അരുവിത്തുറ ചിറപ്പാറയിൽ വീട്ടിൽ സി.എസ്. സബീർ (35), ആർപ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടിൽ മോഹിത് കൃഷ്ണ (41), പുലിയന്നൂർ തെക്കുംമുറി കാരത്തറ വീട്ടിൽ മുരളി (50), കോതമംഗലം നെല്ലിമറ്റം സ്വദേശി സച്ചു (30) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ ഒക്ടോബർ 27ന് രാത്രി ഇവർ സംഘം ചേർന്ന് അതിക്രമിച്ചുകയറി വീടിന്റെ ജനൽചില്ലുകൾ അടിച്ചുപൊട്ടിക്കുകയും വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന അരിവാൾകൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥനോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആക്രമണം നടത്തിയത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് സാജിദ് നസീർ, എം.ബി. അൻസാരി, ശ്രീനി യോഹന്നാൻ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞ മറ്റുപ്രതികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലില്‍ ഇവരെ വിവിധസ്ഥലങ്ങളില്‍നിന്നായി പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണു, ഷാബുമോൻ ജോസഫ്, പി.എസ്. അംശു, അനിൽ വർഗീസ്, സി.പി.ഒമാരായ കെ.സി. അനീഷ്, കെ.ആർ. ജിനു, ജോബി ജോസഫ്, അജിത് എം. ചെല്ലപ്പൻ സന്ദീപ് രവീന്ദ്രൻ, എൻ.ആർ. രാജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
സബീര്‍ ഈരാറ്റുപേട്ട, ആലപ്പുഴ, പള്ളിക്കത്തോട്, കടുത്തുരുത്തി, പൊൻകുന്നം, തൊടുപുഴ സ്റ്റേഷനുകളിലും മോഹിത് കൃഷ്ണ ഏലൂർ സ്റ്റേഷനിലെയും. മുരളി കിടങ്ങൂർ സ്റ്റേഷനിലെയും ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.