ആഭ്യന്തര-റവന്യൂ വകുപ്പ് തർക്കം അവസാനിച്ചു; വടക്കേകരയിൽ മിനി സിവിൽസ്റ്റേഷൻ ഇല്ല
text_fieldsഈരാറ്റുപേട്ട: വടക്കേക്കരയിലെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നതിനുള്ള എല്ലാവഴികളും അടഞ്ഞു. ഇത് സംബന്ധിച്ച് ഭൂമി വിട്ടുനൽകാൻ കഴിയില്ലെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി.
നിലവിൽ 2.8 ഏക്കർ ഭൂമിയിൽ പൊലീസ് സ്റ്റേഷൻ ഇക്കണോമിക് ഒഫൻസ് വിങ്, രണ്ട് പൊലീസ് കോർട്ടറുകൾ കൂടാതെ അപ്പർ സബോഡി നേറ്റ്, ലോവർ സബോഡി നേറ്റ് കോർട്ടറുകൾ, ആന്റി ടെററിസ്റ്റ് ട്രെയിനിങ് സെന്റർ, ബാരക്ക്, വെഹിക്കിൾ ടമ്പിങ് യാർഡ് എന്നിവയുടെ ആവശ്യത്തിനുള്ള സ്ഥലമായതിനാൽ ഇവിടെ മറ്റൊരുനിർമാണവും അനുവദിക്കാൻ കഴിയില്ലെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.
2021-22 ലെ സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷന് 10 കോടി രൂപ വകയിരുത്തിയിരുന്നു. വടക്കേക്കരയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള കാടുപിടിച്ച് കിടക്കുന്ന ഭൂമിയിൽ പണിയാനാണ് ആദ്യം സ്ഥലം കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലമടക്കം 2.8 ഏക്കറിൽ 1.4 ഏക്കർ മിനി സിവിൽ സ്റ്റേഷന് വേണ്ടി കലക്ടർ സ്ഥലം കണ്ടെത്തി ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് നൽകിയതാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ ലാൻഡ് റവന്യൂ കമീഷണർ റവന്യൂ വകുപ്പിന് നൽകിയിരുന്നു.
എന്നാൽ ഇവിടെ മിനി സിവിൽ സ്റ്റേഷൻ വരുന്നതിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. റവന്യൂ രേഖകൾ പ്രകാരം 2.8 ഏക്കർ ഭൂമി പൊലീസിന്റേതാണെന്ന് തെളിയിക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. മിനി സിവിൽ സ്റ്റേഷൻ വന്നാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സുരക്ഷാ ഭീഷണിയുണ്ടാവുമെന്നാണ് അവസാനം നൽകിയ കത്തിൽ പറയുന്നത്. കാഞ്ഞിരപ്പള്ളി, പാലാ പൊലീസ് ഡിവിഷനുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ഒന്നര ഏക്കർ സർക്കാർ ഭൂമി വേണമെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 4 .5 ഏക്കർ ഭൂമി പൊൻകുന്നം പൊലീസ് സ്റ്റേഷനുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫീസ് പൊൻകുന്നം പൊലീസ് സ്റ്റേഷൻ വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ടേക്കർ സ്ഥലം പാലാ പൊലീസ് സ്റ്റേഷനും സ്ഥലമുള്ളപ്പോഴാണ് പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കാൻ ഈരാറ്റുപേട്ടയിൽ സർക്കാർ ഭൂമി ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്നത്.
ഈരാറ്റുപേട്ടയിൽ ആന്റി ടെററിസ്റ്റ് ട്രെയിനിങ് സെന്റർ സ്ഥാപിക്കുന്ന വിഷയമാണ് ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു തടസ്സം. എന്നാൽ, ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിന് അഞ്ച് കിലോമീറ്റർ അടുത്ത് വഴിക്കടവിൽ 50 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമിയുണ്ട്. അവിടെ ട്രെയിനിങ് സെന്റർ സ്ഥാപിക്കാവുന്നതാണ്.
ഈരാറ്റുപേട്ട ടൗണിൽ പൊലീസ് ട്രെയിനിങ് സെന്റർ പ്രായോഗികമല്ല. പൊലീസ് സ്റ്റേഷന്റെ ചുറ്റുപാടും വ്യാപാരസ്ഥാപനങ്ങളും വീടുകളുമുണ്ട്. വെടിവെപ്പ് പോലുള്ള പരിശീലനങ്ങൾ അപകടങ്ങൾ ക്ഷണിച്ചുവരുത്താനിടയാക്കും. ഈരാറ്റുപേട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാർ ഭൂമിയിൽ ട്രെയിനിങ് സെന്റർ പണിയണമെന്നാണ് ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്നത്.
നിർദിഷ്ടഭൂമിയുടെ 100 മീറ്റർ പരിധിയിൽ മീനച്ചിലാർ ഉള്ളതിനാൽ ആവശ്യമായ ജല ലഭ്യതയുമുണ്ട്. പട്ടണത്തിന്റെ ഹൃദയഭാഗമായ സെൻട്രൽ ജങ്ഷനിൽനിന്നും 200 മീറ്റർ അകലത്തിൽ നിർദിഷ്ട ഭൂമി സ്ഥിതിചെയ്യുന്നതിനാൽ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ഇവിടെ എത്താനാകും. സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫിസ്, എക്സൈസ് റേഞ്ച് ഓഫിസ്, കൃഷിഭവൻ, വാട്ടർ അതോറിറ്റി ഓഫീസ്, എ.ഇ.ഓഫീസ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, മാർമല ഇലക്ട്രോ പ്രോജക്ട് ഓഫിസ് എന്നീ ഓഫിസുകൾക്കായി മാസംതോറും ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തിൽ ചെലവഴിക്കുന്നത്. സിവിൽ സ്റ്റേഷൻ ഇല്ലാത്തതിനാലാണ് ഇത്രയധികം സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടിവരുന്നത്. നിർദിഷ്ട സർക്കാർ ഭൂമിയിൽ തന്നെ മിനിസിവിൽ സ്റ്റേഷനും വില്ലേജ് ഓഫിസ് നിർമാണവും ആരംഭിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.