മാലിന്യമിട്ടാൽ ഇനി പിഴ മാത്രമല്ല ക്ലാസുമുണ്ട്, പിന്നാലെ സ്ക്വാഡും
text_fieldsഈരാറ്റുപേട്ട: പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ച് പിടിയിലായാൽ ഇനി പിഴ അടച്ചതുകൊണ്ട് മാത്രമായില്ല. നിർബന്ധമായി ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുകയും വേണം. കൂടാതെ കുറ്റം ആവർത്തിക്കുന്നുണ്ടോ എന്നറിയാൻ സ്ക്വാഡ് വക നിരീക്ഷണവുമുണ്ടാകും. ഇത് സംബന്ധിച്ച് സംസ്ഥാനതല നിർദേശപ്രകാരം ഈരാറ്റുപേട്ട നഗരസഭയിൽ നടപടി തുടങ്ങിയതായി ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ്, സെക്രട്ടറി എസ്.സുമയ്യ ബീവി, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ എന്നിവർ അറിയിച്ചു.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഇക്കഴിഞ്ഞ നാലിനാണ് സംസ്ഥാനതല ഉത്തരവ് ഇറങ്ങിയത്. അടുത്തവർഷത്തോടെ മാലിന്യമുക്ത സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. മാലിന്യം പൊതുസ്ഥലങ്ങളിൽ ഇടുന്നവരെ കണ്ടെത്താൻ എല്ലാ പഞ്ചായത്ത്, നഗരസഭകളിലും പ്രാദേശിക എൻഫോഴ്സ്മെന്റ് വിജിലൻസ് സ്ക്വാഡ് രൂപവത്കരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ആഴ്ചയിൽ മൂന്നുതവണ സ്ക്വാഡ് പരിശോധന നടത്തും. ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുമാണ് സ്ക്വാഡ് അംഗങ്ങൾ. ഉദ്യോഗസ്ഥർ ഐ.ഡി കാർഡ് ധരിച്ചിരിക്കണം. കൈവശം പിഴചുമത്തി നൽകാനുള്ള നോട്ടീസ് ഉണ്ടാകണം. പരിശോധന വിവരങ്ങൾ ജില്ല വാർ റൂമിൽ അപ്ലോഡ് ചെയ്യണം. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തുന്ന പരിശോധനയിൽ പ്രാദേശിക സ്ക്വാഡും ഇനി ഉണ്ടാകും. മാലിന്യം ഇട്ട് പിടിയിലായാൽ ശാസ്ത്രീയമായ മാലിന്യനിർമാർജനം എങ്ങനെ എന്നത് സംബന്ധിച്ചും മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചുമാണ് ബോധവത്കരണ ക്ലാസ് നൽകുക. തദ്ദേശ സ്ഥാപനങ്ങളിൽ വിദഗ്ധർ ക്ലാസ് നൽകും. ക്ലാസ് മനസ്സിലായോ എന്നറിയാൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. നാട്ടിൽ മറ്റുള്ളവർക്ക് മാതൃക പകരുന്ന നിലയിൽ ബോധവത്രണം നൽകാൻ പ്രാപ്തരാക്കുന്ന ക്ലാസാണ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.