മീനച്ചിലാറ്റിൽ അനധികൃത മണൽവാരൽ വ്യാപകം
text_fieldsഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ അനധികൃത മണൽ വാരൽ വ്യാപകം. മീനച്ചിലാറിന്റെ ഇളപ്പുങ്കൽ, രണ്ടാറ്റ് മുക്ക്, വട്ടികൊട്ട ഭാഗങ്ങളിലാണ് രാത്രി മണൽവാരൽ വ്യാപകമായത്. രാത്രി 11ന് ശേഷം ആരംഭിക്കുന്ന മണൽവാരൽ പുലർച്ച അഞ്ചിനാണ് അവസാനിക്കുന്നത്. ഈ സമയത്ത് ഇവിടങ്ങളിൽ നിന്ന് നിരവധി ലോഡുകൾ കയറിപ്പോവും. മണൽവാരൽ മൂലം മീനച്ചിലാറ്റിൽ വേനൽക്കാലങ്ങളിൽ ജലദൗർലഭ്യം ഉണ്ടാവുന്നുണ്ട്. രണ്ട് പ്രളയങ്ങൾക്ക് ശേഷം വ്യാപകമായ തോതിൽ മീനച്ചിലാറ്റിൽ മണൽ അടിഞ്ഞത് മണൽമാഫിയകൾക്ക് സൗകര്യമായിട്ടുണ്ട്. മണലൂറ്റ് ശക്തമായതോടെ വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
ഒരുലോഡ് മണലിന് നിലവിൽ15000 രൂപക്ക് മേൽ വിലയുണ്ട്. രാത്രി കോരിഎടുക്കുന്ന മണൽ ആറിന് തീരത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കൂട്ടിയിടുന്നത്. ഇവിടന്നാണ് പല വാഹനങ്ങളിലായി കടത്തി കൊണ്ടുപോകുന്നത്. അതേസമയം വ്യാപകമായ മണലൂറ്റ് തടയുന്നതിന് പഞ്ചായത്ത്, റവന്യൂ, പൊലീസ് അധികാരികൾ ശ്രമിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് പൊലീസിനെയും റവന്യൂ വിഭാഗത്തെയും അറിയിച്ചെങ്കിലും നിസ്സംഗത പുലർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം പൊലീസും പഞ്ചായത്തും റവന്യൂ വിഭാഗവും മണൽവാരൽ നിയന്ത്രിച്ചില്ലെങ്കിൽ മേലധികാരികളെ സമീപിക്കാനാണ് നാട്ടുകാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.