ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും ഔട്ട് ഓഫ് കവറേജിൽ
text_fieldsഈരാറ്റുപേട്ട: തലനാട് പഞ്ചായത്തിലെ ഇല്ലിക്കൽ കല്ല്, മേലടുക്കം, മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ എന്നീ പ്രദേശങ്ങൾ ഇപ്പോഴും മൊബൈൽ നെറ്റ്വർക്ക് കവറേജ് ഏരിയക്ക് പുറത്താണ്. മൊബൈൽ ഫോണുകൾക്ക് സിഗ്നൽ ഇല്ലാത്തതുമൂലം ഈ പ്രദേശത്തെ ജനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്. സാധാരണക്കാരും കൂലി തൊഴിലാളികളും കൂടുതൽ താമസിക്കുന്ന പ്രദേശമാണിവിടം.
പട്ടികവർഗ ഭൂരിപക്ഷ മേഖല കൂടി ഉൾപ്പെടുന്ന മലയോര മേഖലയിലെ ജനങ്ങൾ ഏറെ നാളായി മുറവിളി കൂട്ടിയിട്ടും നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഇല്ലിക്കൽ കല്ലിൽ റേഞ്ച് കിട്ടാത്തത് സഞ്ചാരികളെ കുഴപ്പിക്കാറുണ്ട്. അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന സ്ഥലമായതിനാൽ അഗ്നി രക്ഷസേന - ആംബുലൻസ് തുടങ്ങിയ അവശ്യ സർവിസുകളെ പോലും ബന്ധപ്പെടാൻ കഴിയാതെയും വരുന്നുണ്ട്.
വെള്ളാനി എൽ.പി.എസ്, മേലടുക്കം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി രണ്ടുസ്കൂളുകൾ ഈ പ്രദേശത്താണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തുന്ന ജീവനക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാലത്ത് വിദ്യാർഥികളുടെ ഓൺലൈൻ പഠനങ്ങൾക്ക് റേഞ്ച് ഇല്ലാതെ വന്നതോടെ പ്രദേശവാസികൾ നിവേദനം നൽകിയതാണ്.
തുടർന്ന് 2022ൽ ഇല്ലിക്കൽ കല്ല്, പേരിയൻ മല എന്നീ സ്ഥലങ്ങളിൽ മൊബൈൽ ടവർ സ്ഥാപിച്ചു. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ടവർ ചാർജ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇലവീഴാപൂഞ്ചിറയിലും സമാന സാഹചര്യം തന്നെയാണ്. മൊബൈൽ ടവർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവർത്തന സജ്ജമാക്കിയിട്ടില്ല. അധികൃതർ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.