മതിയായ ചികിത്സയില്ല, സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കിയില്ല പനിച്ചുവിറച്ച് ഈരാറ്റുപേട്ടയും മലയോരവും
text_fieldsഈരാറ്റുപേട്ട: മഴ ശക്തമായതോടെ കിഴക്കൻ മലയോര മേഖലയിൽ പനി വ്യാപകം. വൈറൽപനിക്കും ഡെങ്കിപ്പനിക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചു.
മലയോര മേഖലയിൽ രാവിലെ മുതൽ ഉച്ചവരെ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഉന്നത നിലവാര സർക്കാർ ആശുപത്രികൾ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ ഇല്ല.
പനിയോ മറ്റ് സാംക്രമിക രോഗങ്ങളോ മൂർച്ഛിച്ചാൽ 25 കിലോമീറ്റർ അകലെയുള്ള പാലാ ജനറൽ ആശുപത്രിയിലോ 40 കിലോമീറ്റർ അപ്പുറത്തുള്ള മെഡിക്കൽ കോളജിലോ വേണം രോഗികൾ എത്താൻ. എന്നാൽ, പലപ്പോഴും ഇവിടെ പനി പോലുള്ള രോഗികൾക്ക് കിടക്കകൾ ലഭ്യമല്ല. ഇത് സാധാരണക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദൈനംദിനം ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ.പിയിൽ എത്തുന്നത് 400ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു.
മലയോര മേഖലയിലെ ജനങ്ങൾക്ക് ലാബ് സംവിധാനവും അത്യാവശ്യം മരുന്നും കിടത്തിച്ചികിത്സ കിട്ടണമെങ്കിൽ ഈരാറ്റുപേട്ട താലൂക്ക് ആശുപത്രിയായി ഉയർത്തണം. എന്നാൽ, മതിയായ സെക്യൂരിറ്റി സംവിധാനങ്ങൾ ഇല്ലാത്തതും രാത്രി ഡോക്ടറുടെ സേവനം ഇല്ലാത്തതിനാലും അഞ്ച് മണിയോടെ ആശുപത്രി അടക്കലാണ് പതിവ്. ഇത് രോഗികളെ ഏറെ പ്രയാസത്തിലാക്കുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് മൂന്നുവർഷം മുമ്പ് ഹൈകോടതിയും ന്യൂനപക്ഷ കമീഷനും ഉത്തരവിട്ടിട്ടും ഇതുവരെയും സർക്കാർ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല.
സർക്കാർ ആശുപത്രിയിലെ സേവനം കിട്ടാത്തതുകൊണ്ട് പലരും നിർബന്ധിതാവസ്ഥയിൽ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ടി വരുന്നുണ്ട്. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.
അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകാൻ ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.