ഈരാറ്റുപേട്ടയിലെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഇനി വേഗത്തിൽ
text_fieldsഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മുഴുവൻ അതിഥിതൊഴിലാളികളുടെയും സമഗ്രമായ വിവരശേഖരണം തുടങ്ങുന്നു. ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണിവരെ ഇതിനായി രജിസ്ട്രേഷൻ ക്യാമ്പ് ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടക്കും.
തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾ, കരാറുകാർ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവരുമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നഗരസഭ ജനപ്രതിനിധികൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ വിവരശേഖരണ നടപടികൾ വിശദീകരിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽവകുപ്പും പൊലീസും ആരോഗ്യവകുപ്പും സഹകരിച്ചാണ് വിവരശേഖരണം നടത്തുക. ക്യാമ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന തൊഴിലാളികൾക്ക് ഐ.ഡി കാർഡ് നൽകും. ഓരോ തൊഴിലാളിയുടെയും സംസ്ഥാനം, ജില്ല, മേൽവിലാസം, ആധാർ നമ്പർ, ആരോഗ്യസ്ഥിതി, താമസിക്കുന്ന സ്ഥലം, ശുചിത്വം, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള അന്വേഷണം, ജീവിതരീതി തുടങ്ങിയ സമഗ്ര വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും പെട്ടെന്ന് ലഭ്യമാകുംവിധം ക്രോഡീകരിച്ച് സോഫ്റ്റ്വെയറിൽ തയാറാക്കുന്നത് ഉൾെപ്പടെ നടപടികൾ യോഗം ചർച്ച ചെയ്തു.
മൊത്തം എത്ര അതിഥി തൊഴിലാളികൾ ഉണ്ടെന്ന് വ്യക്തമായ കണക്കെടുപ്പ് ഇതോടൊപ്പം നടത്തും. ഏകദേശം 2500 ഓളം പേർ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവരിൽ സ്ത്രീകൾ, പുരുഷൻമാർ, കുട്ടികൾ എന്നിങ്ങനെ വേർതിരിച്ചു കണക്കെടുക്കും. താമസസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താൻ നടപടികൾ നഗരസഭ ആരോഗ്യവിഭാഗം സ്വീകരിക്കും. ആരോഗ്യപരിശോധനക്കായി ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് തൊഴിൽവകുപ്പിൽ നിന്നും വിദ്യാഭ്യാസവകുപ്പിൽ നിന്നും അന്വേഷണമുണ്ടാകും.
തൊഴിൽമേഖലയിലെ വിവരങ്ങളും സുരക്ഷയും ഇതോടൊപ്പം തൊഴിൽവകുപ്പ് അന്വേഷിക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിെന്റ ഭാഗമായി ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ പൊലീസിെന്റ നേതൃത്വത്തിൽ കണ്ടെത്തും. ബോധവത്കരണം നടത്തുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി യോജിച്ച് പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ലേബർ ഓഫിസർ അംജിത്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ റിയാസ് പ്ലാമൂട്ടിൽ, ഡോ. സഹ്ല ഫിർദൗസ്, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കൗൺസിലർമാരായ സജീർ ഇസ്മായിൽ, എസ്.കെ നൗഫൽ, അൻസൽന പരീക്കുട്ടി, ലീന ജെയിംസ്, സെക്രട്ടറി എസ്.സുമയ്യ ബീവി, ക്ലീൻസിറ്റി മാനേജർ ടി.രാജൻ, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ അനൂപ് ജി.കൃഷ്ണൻ, ലിനീഷ് രാജ്, പി.എം നൗഷാദ്, വി.എച്ച് അനീസ, ജെറാൾഡ് മൈക്കിൾ, സോണി മോൾ, റാപ്പിഡ് റെസ്പോൺസ് ടീം പ്രതിനിധി ഫാസിൽ വെള്ളൂപ്പറമ്പിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.