ജൽജീവൻ പദ്ധതി നിർമാണത്തിൽ മെല്ലപ്പോക്ക്; പൈപ്പ് സ്ഥാപിച്ച കുഴികളിൽ കുടുങ്ങി വാഹനങ്ങൾ
text_fieldsഈരാറ്റുപേട്ട: ജൽ ജീവൻ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. ആറു മാസം മുമ്പാണ് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്ത് തുടങ്ങിയത്.
ടാർ ചെയ്ത് വൃത്തിയായി കിടന്ന ഗ്രാമീണ റോഡിന്റെ സൈഡ് ഭാഗമാണ് കുത്തിപ്പൊളിച്ചതിൽ അധികവും. വേനൽക്കാലത്ത് വാഹനങ്ങൾ കടന്ന് പോകുമ്പോൾ പൊടി ശല്യം കാരണം കാൽനടപോലും ദുസ്സഹമായിരുന്നു. അന്ന് മുഖം മൂടിക്കെട്ടിയാണ് ഇതുവഴി നടന്നിരുന്നത്. എന്നാൽ, മഴ തുടങ്ങിയതോടെ കുഴിയിൽ വെള്ളം കെട്ടിനിന്ന് റോഡ് വക്കുകൾ ചളിക്കുളമായി.
വീതി കുറഞ്ഞ ഗ്രാമീണ റോഡുകളായതിനാൽ ഇരുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോഴാണ് കൂടുതലും അപകടത്തിൽപെടുന്നത്. കഴിഞ്ഞദിവസം തിടനാട് പഞ്ചായത്തിലെ വെയിൽ കാണാൻപാറ ഭാഗത്ത് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ഗുഡ്സ് ലോറി കുഴിയിൽ വീണിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് കയറ്റിക്കൊണ്ടുപോയത്.
ജൽ ജീവൻ പദ്ധതിയുടെ ആദ്യഘട്ടപണി തുടങ്ങുന്നതിന് മുമ്പ് റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ ജനങ്ങൾ പ്രതിഷേധം നടത്തിയതാണ്. എന്നാൽ, പൈപ്പിട്ട് മൂടിയതിന് ശേഷം ടാർ ചെയ്ത് വൃത്തിയാക്കും എന്നാണ് കോൺട്രാക്ടർമാർ അന്ന് ഉറപ്പ് നൽകിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിന്റെ വിഹിതം നൽകാൻ താമസം നേരിടുന്നത് കൊണ്ട് പദ്ധതിയുടെ നിർമാണം കാര്യമായി നീങ്ങുന്നില്ല. കുഴികളിൽ സ്ഥാപിച്ച പൈപ്പിന് ചോർച്ചയുണ്ടോ എന്നു പരിശോധിച്ചതിനുശേഷം മാത്രമേ മുകൾഭാഗം ടാർ ചെയ്ത് ഉറപ്പിക്കാൻ കഴിയുകയുള്ളൂ. അതിന് ഏറെ കാലതാമസം എടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
പ്രാരംഭഘട്ടത്തിൽ നടപ്പാക്കേണ്ട മോട്ടോറിന്റെയും ടാങ്കിന്റെയും പണി പൂർത്തിയാക്കിയതിനുശേഷമാണ് റോഡുകൾ കുത്തിപ്പൊളിച്ചിരുന്നതെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.