ഗതാഗതം ദുരിതപൂർണമാക്കി ജൽ ജീവൻ പദ്ധതി
text_fieldsഈരാറ്റുപേട്ട: ജൽ ജീവൻ പദ്ധതിക്കു വേണ്ടി പൈപ്പ് സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചതിനാൽ ഗതാഗതം ദുരിതമായി. റോഡിലൂടെ നടക്കാൻപോലും കഴിയാതായതോടെ പലയിടത്തും പ്രതിഷേധങ്ങൾ ശക്തമാണ്. തീക്കോയി, തിടനാട് പഞ്ചായത്തുകളുടെ ഗ്രാമീണ റോഡുകളിലാണ് കൂടുതൽ പ്രയാസം നേരിടുന്നത്. വീതികുറഞ്ഞ റോഡിന്റെ വശങ്ങൾ കുഴിക്കുന്നതോടെ പലയിടത്തും ഗതാഗത തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. തീക്കോയി പഞ്ചായത്തിലെ വെള്ളിക്കുളം-കമ്പിപ്പാലം-പുള്ളിക്കാനം റോഡിൽ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയിലാണ്.
കയറ്റം നിറഞ്ഞ റോഡിന്റെ ഓടയിലൂടെയാണ് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിച്ച് പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയിൽ ഈ മണ്ണ് മുഴുവൻ ഒലിച്ചുപോയി ഇപ്പോൾ പൈപ്പ് തെളിഞ്ഞ നിലയിലാണ്. ഇളക്കിയ മണ്ണ് റോഡിലൂടെ ഒഴുകി. ചെറിയ കല്ലുകൾ റോഡിലുടനീളം നിറഞ്ഞുകിടക്കുകയാണ്. ഓടയിൽ പൈപ്പിട്ടതോടെ പലയിടത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിലൂടെ ഒഴുകുന്ന വെള്ളവും കല്ലുകളും ഇരുചക്രവാഹന യാത്രക്കാരെയാണ് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത്. ജൽ ജീവൻ പദ്ധതിക്കു വേണ്ടി റോഡ് പൊളിച്ചപ്പോൾതന്നെ പ്രതിഷേധം അറിയിച്ചതാണ്.
പണി പൂർത്തിയാകുമ്പോൾ റോഡ് കോൺക്രീറ്റ് ചെയ്യുമെന്നാണ് കോൺട്രാക്ടർ അറയിച്ചത്. എന്നാൽ, പദ്ധതിക്ക് പണമില്ലാതായതോടെ നിർമാണ പ്രവർത്തനങ്ങൾക്കും താമസം നേരിടുന്നുണ്ട്. പൈപ്പിടുന്നത് റോഡിന്റെ മറുവശത്തേക്ക് മാറ്റുകയോ ഓടയിൽ താഴ്ത്തി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്. പദ്ധതിയോട് എതിർപ്പില്ലെങ്കിലും ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.