അതിജീവനത്തിന്റെ നിറക്കൂട്ടുകൾ ചാലിച്ച് ജെസി
text_fieldsഈരാറ്റുപേട്ട: ഇത് ജെസി സാം; എല്ലുകൾ നുറുങ്ങുന്ന വേദനക്കിടയിലും കാൻവാസുകളിൽ വർണവിസ്മയങ്ങൾ തീർക്കുന്ന മേലുകാവിെൻറ കലാകാരി. ഇലവീഴാപൂഞ്ചിറ കുമ്പളോലിക്കൽവീട്ടിൽ സാമുവേൽ ജോസഫ് പാപ്പച്ചെൻറയും അന്നമ്മയുടെയും മകളാണ് ജെസി. എല്ലുകളുടെ വളർച്ചയെ ബാധിക്കുന്ന, ചെറിയ ഒരു വീഴ്ച പോലും എല്ലുകൾ ഒടിക്കുന്ന രോഗമായ ഓസ്ടിയോ ജനസിസ് ഇമ്പർഫെക്ട (Osteo Genesis Imperfecta) എന്ന അസുഖമാണ് ജെസിക്ക്. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് രോഗം കണ്ടെത്തുന്നത്. തുടർന്ന് ചികിത്സയും വിശ്രമവുമായി കുറച്ചുവർഷം. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായത്താൽ പ്ലസ് ടു ജയിച്ചു. പിന്നെ പഠനം അവസാനിപ്പിച്ചു.
ചാലക്കുടിയിൽ സ്വകാര്യ ആശുപത്രിയിൽ ഡി.ടി.പി ഓപറേറ്റർ ആയി ആറുമാസത്തോളം ജോലി ചെയ്തിരുന്നു. അവിടുത്തെ സഹപ്രവർത്തകരുടെ സഹായത്തോടെ തുടർചികിത്സക്കു ശ്രമിച്ചു. ഇടുപ്പെല്ലു മാറ്റിെവക്കൽ ശസ്ത്രക്രിയയാണ് അസ്ഥിരോഗവിദഗ്ധർ നിർദേശിച്ചത്. അഞ്ചുലക്ഷം രൂപക്ക് മുകളിലണ് ഈ ഓപറേഷന് ചെലവ്. ശേഷം ഒരുവർഷത്തോളം വിശ്രമവും ആവശ്യമാണ്. രണ്ടും ബുദ്ധിമുട്ട് ആയതിനാൽ വേദനസംഹാരികളുടെ സഹായത്താലാണ് ഇപ്പോൾ ജീവിതം. കഴിഞ്ഞ വർഷത്തെ ഭിന്നശേഷി ദിനത്തിൽ നടത്തിയ ഓൺലൈൻ പോസ്റ്റർ മത്സരത്തിൽ സംസ്ഥാനതലത്തിൽ ജെസിയുടെ ചിത്രം രണ്ടാംസ്ഥാനം നേടുകയുണ്ടായി. അതിനുശേഷം ജെസി ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കുന്നുണ്ട്.
കേരള ലളിതകലാ അക്കാദമി ജെസിയുടെ രണ്ടു ചിത്രങ്ങൾ വിലക്കുവാങ്ങിയിട്ടുണ്ട്. ടൂറിസം സെൻറർ കൂടി ആയ ഇലവീഴാപൂഞ്ചിറക്ക് അടുത്തായി തെൻറ കലാസൃഷ്ടികൾ വിൽക്കാൻ കട നടത്തിയിരുന്നു.
കോവിഡിനെ തുടർന്ന് ആ വരുമാനമാർഗവും അടഞ്ഞു. സ്ഥാപനം ട്യൂഷൻ സെൻററാക്കി മാറ്റി ഉപജീവനം നടത്തുകയാണ് ഇപ്പോൾ. നല്ല ഒരുറോഡ് പോലും ഇല്ലാത്ത ഇലവീഴാപൂഞ്ചിറയിൽ യാത്രപോലും ബുദ്ധിമുട്ടിലാണ്. പ്രായമായ മാതാപിതാക്കളെ നോക്കണം. തെൻറ മരുന്നുകൾ. ഉത്തരവാദിത്തം ഏറെയാണ് ജെസിക്ക്. അതൊന്നും ഈ കലാകാരിയെ തളർത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.