ഈരാറ്റുപേട്ടക്ക് കൂടുതൽ ബസുകൾ നഷ്ടമായേക്കും
text_fieldsഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന പാലാ-ഈരാറ്റുപേട്ട- തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലേക്ക് മാറ്റാൻ ശ്രമമെന്ന് ആക്ഷേപം. പാലായിൽ നിന്ന് സർവീസ് ആരംഭിക്കുന്നത് കണക്കിലെടുത്താണ് തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലാക്കാനുള്ള ശ്രമം. ഈരാറ്റുപേട്ടയുടെ കോയമ്പത്തൂർ ബസും മറ്റൊരു ഡിപ്പോയിലേക്ക് മാറ്റാനും ശ്രമം ആരംഭിച്ചതായി ജീവനക്കാർ പറയുന്നു.
നിലവിൽ പാലാ ഡിപ്പോയുടെ കീഴിലുള്ള ബസുകൾ ഈരാറ്റുപേട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുന്നുണ്ട്. തെങ്കാശി ബസിന്റെ മാനദണ്ഡം അനുസരിച്ച് ഇവ ഈരാറ്റുപേട്ടക്ക് വിട്ടുനൽകേണ്ടതല്ലെയെന്നും നാട്ടുകാർ ചോദിക്കുന്നു. ബസുകൾ മാറ്റാനുള്ള ശ്രമത്തിൽനിന്ന് അധികൃതർ പിൻമാറണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് പുതിയ ബസുകൾ അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കോവിഡിനു മുമ്പ് 60 ലധികം സർവീസുകൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ബാക്കി സർവീസുകളെല്ലാം പിൻവലിച്ചു. ഇതിനിടെയാണ് പുതിയനീക്കം. ഇതിൽ യാത്രക്കാരടക്കം കടുത്ത പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.