മഞ്ചാടിത്തുരുത്തും മുട്ടവും ഇനി ഈരാറ്റുപേട്ടയുടെ മലർവാടി
text_fieldsഈരാറ്റുപേട്ട: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തുരുത്തില് മിനിപാര്‍ക്ക് നിര്‍മിക്കാനൊരുങ്ങി ഈരാറ്റുപേട്ട നഗരസഭ. മാലിന്യമുക്തം നവകേരളം കാമ്പയിന് രണ്ടാംഘട്ടം ‘സ്നേഹാരാമം’ പദ്ധതിയുടെ ഭാഗമായാണ് മഞ്ചാടിത്തുരുത്തിലും മുട്ടം കവലയിലും നിര്‍മാണം നടത്തുന്നത്.
നഗരഹൃദയത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയില്‍ ഷാദി മഹല്‍ ഓഡിറ്റോറിയത്തിനടുത്ത് ചെക്ക് ഡാമിനോട് ചേര്‍ന്ന ഭാഗമാണ് മഞ്ചാടിത്തുരുത്തായി അറിയപ്പെടുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടായി മാറിയ പ്രദേശം മാലിന്യത്താൽ ദുര്‍ഗന്ധം നിറഞ്ഞ നിലയിലായിരുന്നു. മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, പൂഞ്ഞാര്‍ എസ്.എം.വി സ്കൂള്‍, ഈരാറ്റുപേട്ട എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഭാഗമായി മഞ്ചാടിത്തുരുത്തിനെ മലര്വാടിയാക്കുന്നത്.
എന്‍.എസ്.എസ് വളന്റിയര്‍മാരും നഗരസഭയുടെ ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് പ്രദേശം വൃത്തിയാക്കല്‍ ആരംഭിച്ചു. തുടര്‍ന്ന് ചാമ്പ, പേര തുടങ്ങിയവ നടുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്യും. നദീതീരത്ത് മുളകള്‍ നട്ടുപിടിപ്പിക്കും. രാവിലെയും വൈകീട്ടും നഗരത്തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ് വിശ്രമിക്കാനുള്ള ഹരിതാഭസ്ഥലമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുട്ടം കവലയിലും സ്നേഹാരാമം പദ്ധതി പൂന്തോട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചു. മുട്ടം കവലയിലെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമകേന്ദ്രത്തിന് സമീപം മൂന്നിലവ് സെന്റ് പോള്‍ സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റാണ് പൂന്തോട്ടനിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.
ശുചീകരണ പരിപാടിയില്‍ നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ. മുഹമ്മദ് ഇല്യാസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍ ഖാദര്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്ന അമീന്, നഗരസഭ അംഗങ്ങളായ സുനിത ഇസ്മായില്‍, പി.ആര്.എഫ് ഫൈസല്‍, മുസ്ലിം ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫൗസിയ ബീവി, എന്‍.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസര്‍മാര്‍, ക്ലീന്‍സിറ്റി മാനേജര്‍ ടി. രാജന്, ശുചിത്വ മിഷന് പ്രതിനിധി അബ്ദുല്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.