അവഗണനയുടെ ഇരമ്പം; റിവേഴ്സ് ഗിയറിൽ ഈരാറ്റുപേട്ട ഡിപ്പോ
text_fieldsഈരാറ്റുപേട്ട: റെക്കോഡ് കലക്ഷൻ സ്വന്തമാക്കിയിരുന്ന ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പറയാൻ ഇപ്പോൾ പരാധീനതകൾ മാത്രം. മലയോര മേഖലയിലെ നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ ഡിപ്പോയാണ് നിലനിൽപിനായി പോരാടുന്നത്. കോവിഡിന് മുമ്പ് 80 ബസുകളായിരുന്നു ഈരാറ്റുപേട്ട ഡിപ്പോയിലുണ്ടായിരുന്നത്. 75 ഷെഡ്യൂളുകളും. എന്നാൽ, കോവിഡ് കാലത്ത് ഇത് പലതും നിലച്ചു. ബസുകൾ പല ഡിപ്പോകളിലേക്കും മാറ്റി. കോവിഡ് കാലത്ത് 25 ബസുകൾ ഡിപ്പോയിൽനിന്ന് പിൻവലിച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾ നീക്കിയിട്ടും പിൻവലിച്ച ബസുകൾ ഒന്നുപോലും തിരികെ എത്തിച്ചിട്ടില്ല.
നിലവിൽ നാൽപതിൽ താഴെ ഷെഡ്യൂളുകൾ മാത്രമാണുള്ളത്. മികച്ച വരുമാനമുള്ള ആലപ്പുഴ സർവിസുകൾ പേരിന് മാത്രമായി. തൃശൂർ സർവിസുകൾ പൂർണമായും ഇല്ലാതായി. 50 വർഷം പൂർത്തിയാക്കിയതും പത്രവണ്ടി എന്ന പേരിൽ പ്രശസ്തമായിരുന്ന പുള്ളിക്കാനം സ്റ്റേ സർവിസും നിലച്ചു. തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവിസുകളുടേതും സമാന സ്ഥിതിയാണ്.
വാഗമൺ, കട്ടപ്പന വഴിക്കുള്ള ഹൈറേഞ്ച് സർവിസുകൾ റോഡിന്റെ ശോച്യാവസ്ഥയുടെ പേരിൽ നിർത്തലാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ പൊതുഗതാഗത മേഖലയിലെ ഏക ആശ്രയമാണ് ഈരാറ്റുപേട്ട ഡിപ്പോ. എന്നാൽ, ഗ്രാമീണ മലയോര മേഖലയിലേക്കുള്ള സർവിസുകൾ മൂന്നിലൊന്നായി ചുരുക്കി.
മറ്റ് ഡിപ്പോകൾ സമീപകാലത്ത് ആരംഭിച്ച സർവിസുകൾ ഉൾപ്പെടെ നിരവധി ദീർഘദൂര ബസുകൾ ഓപറേറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഈരാറ്റുപേട്ട ഡിപ്പോയെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സർവിസുകൾ വെട്ടിക്കുറക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
ടൂറിസ്റ്റ് പാക്കേജുകൾക്ക് സാധ്യതകൾ ഏറെ
ഈരാറ്റുപേട്ട: ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമൺ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നവരെ ലക്ഷ്യമിട്ട് ഗെസ്റ്റ് ഹൗസ് കോംപ്ലക്സ് നിർമിക്കുകയെന്നതടക്കം നിരവധി പദ്ധതികൾക്കുള്ള സാധ്യത ഈരാറ്റുപേട്ടയിലുണ്ട്. കോലാഹലമേടും കുരിശുമലയും അയ്യമ്പാറയും മാർമല വെള്ളച്ചാട്ടവും ഇല്ലിക്കൽ മലയും ഭരണങ്ങാനം പള്ളിയും അടക്കം നിരവധി കേന്ദ്രങ്ങളാണ് ഇതിനോട് ബന്ധപ്പെട്ടുള്ളത്. ഇവയെല്ലാം ബന്ധപ്പെട്ട് ടൂറിസം പാക്കേജുകൾ രൂപപ്പെടുത്തണമെന്ന് ആവശ്യവുമുണ്ട്.
അന്തർ സംസ്ഥാന ബസുകൾ എത്തിക്കണം
തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിലേക്കും കണ്ണൂർ, കാസർകോട് ഉൾപ്പടെയുള്ള വടക്കൻ പ്രദേശങ്ങളിലേക്കുമുള്ള സർവിസുകളും മൈസൂർ, ബംഗളൂരുർ, കോയമ്പത്തൂർ, തുടങ്ങിയ അന്തർ സംസ്ഥാന ബസുകളും സർവിസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് പാലായിൽനിന്നുമാണ്.
രാത്രിയിലും പുലർച്ചയും പുറപ്പെടുന്ന ബസുകളിൽ യാത്ര ചെയ്യുന്നതിന് മലയോര മേഖലകളായ തീക്കോയി, തലനാട്, പൂഞ്ഞാർ, തെക്കേക്കര, തിടനാട് പ്രദേശങ്ങളിലെ ജനങ്ങൾ സ്വകാര്യ ടാക്സി വാഹനങ്ങൾ ആശ്രയിച്ച് പാലായിൽ എത്തിച്ചേരേണ്ട അവസ്ഥയാണ്.
ദീർഘദൂര സർവിസുകൾ ഈരാറ്റുപേട്ടയിൽനിന്ന് ഓപറേറ്റ് ചെയ്താൽ പൂഞ്ഞാർ മണ്ഡലത്തിലെയും പാല മണ്ഡലത്തിലെ തലനാട്, തീക്കോയി, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെയും ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.