മീനച്ചിലാറിന് കുറുകെ പുതിയപാലം വരുന്നു
text_fieldsപാലം വന്നാൽ തൊടുപുഴ- ഈരാറ്റുപേട്ട റോഡിലൂടെ വരുന്ന യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഈരാറ്റുപേട്ട ടൗണിൽ പ്രവേശിക്കാതെ തീക്കോയി, വാഗമൺ പ്രദേശങ്ങളിലേക്ക് പോകാനാകും
ഈരാറ്റുപേട്ട: നഗരസഭ അതിർത്തിയിൽ കാരയ്ക്കാട്- ഇളപ്പുങ്കൽ ഭാഗത്ത് മീനച്ചിലാറിന് കുറുകെ പുതിയപാലം നിർമിക്കാൻ നടപടികൾ തുടങ്ങി.
ഇതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് പ്രാഥമികാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മണ്ണ് പരിശോധന, സർവേ, ഇൻവെസ്റ്റിഗേഷൻ, പാലം രൂപകൽപന എന്നിവക്കായി 5.32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പാലം നിർമാണത്തിനായി ടോക്കൺ പ്രൊവിഷനോടുകൂടി 13 കോടി രൂപ വകയിരുത്തിയിരുന്നു. ടെൻഡർ ക്ഷണിച്ച് യോഗ്യതയുള്ള എൻജിനീയറിങ് സ്ഥാപനത്തെ കൊണ്ട് പാലം രൂപകല്പന നടത്തി പൊതുമരാമത്ത് വകുപ്പിൽ സമർപ്പിക്കും.
കാരയ്ക്കാട് ഇളപ്പുങ്കൽ ഭാഗത്ത് പുതിയ പാലം നിർമിച്ചാൽ തൊടുപുഴ- ഈരാറ്റുപേട്ട റോഡിലൂടെ വരുന്ന യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഈരാറ്റുപേട്ട ടൗണിൽ പ്രവേശിക്കാതെ തീക്കോയി, വാഗമൺ പ്രദേശങ്ങളിലേക്ക് പോകാൻ കഴിയും. കൂടാതെ കാരയ്ക്കാട് പ്രദേശത്തിന് വലിയ വികസനവും കൈവരും.
പൊതുവിൽ നഗരസഭക്ക് തന്നെ വലിയ വികസന കുതിപ്പിന് ഇടയാക്കുന്നതും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും പാലം ഉപകരിക്കും.
കാരയ്ക്കാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഈ പാലം ഏറെ സഹായകരമാകും. മുമ്പ് ഇളപ്പുങ്കൽ ഭാഗത്ത് ഉണ്ടായിരുന്ന നടപ്പാലം പ്രളയത്തിൽ തകർന്നത് പുനർനിർമിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും, നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും സമീപനാളിൽ തന്നെ ഭരണാനുമതി ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ അറിയിച്ചു.
നടപ്പാലം പുനർനിർമിക്കുന്നതോടൊപ്പം ഗതാഗത യോഗ്യമായ പുതിയ പാലം കൂടി നിർമിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.