താലൂക്കും താലൂക്ക് ആശുപത്രിയും; ബജറ്റ് പ്രതീക്ഷയിൽ പൂഞ്ഞാർ
text_fieldsഈരാറ്റുപേട്ട: സംസ്ഥാന ബജറ്റിൽ ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കും താലൂക്ക് ആശുപത്രിയും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ നാട്. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കണമെന്ന ശിപാർശ നേരത്തേ ലാൻഡ് റവന്യൂ കമീഷണർ സർക്കാറിന് നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാറിൽ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ സബ്മിഷന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
നിലവിൽ മീനച്ചിൽ താലൂക്കിന്റെ ഭാഗമായ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, ഈരാറ്റുപേട്ട, കൊണ്ടൂർ, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം എന്നീ 10 വില്ലേജിൽപെട്ട ഏട്ട് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും ചേർന്നുള്ള പുതിയ താലൂക്ക് രൂപവത്കരിക്കാനാണ് റിപ്പോർട്ട് നൽകിയിരുന്നത്. മലയോര വില്ലേജുകളായ പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മൂന്നിലവ്, മേലുകാവ് വില്ലേജുകളിലെ വികസന സ്വപ്നങ്ങൾക്ക് പുതുജീവൻ പകരാൻ പുതിയ താലൂക്ക് രൂപവത്കരണം സഹായകമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നാലരവർഷം മുമ്പ് പൊതുപ്രവർത്തകൻ പൊന്തനാൽ മുഹമ്മദ് ഷെരീഫ് ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷനിൽ ഹരജി നൽകിയതിനെ തുടർന്ന് കമീഷൻ മൂന്നു മാസത്തിനുള്ളിൽ ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ഉത്തരവ് നൽകിയിരുന്നു.
ഇത് സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെ തുടർന്ന് ഷെരീഫ് ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ നൽകുകയും 2021 ജനുവരി 18ന് ഹൈകോടതി മൂന്ന് മാസത്തിനുള്ളിൽ ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഹൈകോടതി ഉത്തരവും സർക്കാർ ഇതുവരെ നടപ്പാക്കിയില്ല. ഈ ബജറ്റിലെങ്കിലും താലൂക്ക് ആശുപത്രി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.