ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് 77 മാസത്തെ വാടക കുടിശ്ശിക
text_fieldsഈരാറ്റുപേട്ട: വടക്കേക്കരയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് 77 മാസത്തെ വാടക കുടിശ്ശിക. 12,25,224 രൂപ കുടിശ്ശികയാണെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വ്യക്തമാക്കുന്നത്. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിന് മാസവാടക 15912 രൂപ ആണ്. എട്ട് സർക്കാർ ഓഫിസുകൾ ഈ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഭൂരിപക്ഷം ഓഫിസുകളും വാടകയിനത്തിൽ കെട്ടിട ഉടമകൾക്ക് വൻതുക നൽകാനുണ്ട്.
2022 ലെ സംസ്ഥാന ബജറ്റിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ 10 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിനായി പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തി 2022ൽ കലക്ടർ സർക്കാറിന് അനുമതി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ നിർദേശത്തെ വസ്തുതാപരമല്ലാത്ത റിപ്പോർട്ട് നൽകി പൊലീസ് വകുപ്പ് എതിർക്കുകയായിരുന്നു.
രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അര ഏക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷന് അനുവദിക്കാമെന്ന് ആഭ്യന്തര വകുപ്പ് സമ്മതിച്ചിരുന്നു. പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് നടപടികൾ ആരംഭിക്കാൻ മൂന്നുവർഷം വരെ കാത്തിരിക്കേണ്ടി വന്നത് സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. ഇതുമൂലം സർക്കാറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.