നായ് വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ
text_fieldsഈരാറ്റുപേട്ട: തീക്കോയിയിൽ നായ് വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന. പൊലീസ് പരിശോധനയിൽ ആറര കിലോ കഞ്ചാവ് പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. തീക്കോയി മംഗളഗിരി മുപ്പതേക്കറിലെ ആളൊഴിഞ്ഞ വീട്ടിലാണ് കഞ്ചാവ് വിൽപന കേന്ദ്രം നടത്തിയിരുന്നത്. ഈരാറ്റുപേട്ട സ്വദേശിയുടെ വീട് വാടകക്കെടുത്തായിരുന്നു സംഭരണവും വിൽപനയും. പൊലീസിനെ കണ്ട് നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു.
ഇവരുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി. പ്രധാന റോഡിൽനിന്ന് ഒരു കിലോമീറ്ററോളം മാറി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കാലങ്ങളായി കഞ്ചാവ് വിൽപന നടത്തിയിരുന്നത്. നായ് വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ച ആറു മണിയോടെ ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
അൽസേഷ്യൻ, ലാബ് അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു. ഓടി രക്ഷപ്പെട്ടവർ സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. സി.പി.ഒ മാരായ ശരത്, ജോബി, അനീഷ് മോൻ, പ്രൊബേഷൻ എസ്.ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണൻ നായർ, അനിൽകുമാർ, ഗ്രേഡ് എസ്.ഐ ബ്രഹ്മദാസ്, സോനു, അനീഷ്, രാജേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.