ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഷെഡ്യൂളുകൾ റദ്ദ് ചെയ്യുന്നത് തുടരുന്നു
text_fieldsഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഉത്സവ സീസൺ ആരംഭിച്ചതിന്റെ പേരിൽ വ്യാപകമായി സർവിസുകൾ റദ്ദ് ചെയ്തു. ആറ് ഓർഡിനറിയും രണ്ട് ഫാസ്റ്റ് സർവിസുമാണ് ഏറ്റവും അവസാനമായി വ്യാഴാഴ്ച മുതൽ റദ്ദ് ചെയ്തത്.
ഇതിനാൽ മെഡിക്കൽ കോളജ്, മങ്കൊമ്പ്, വെള്ളാനി, വാഗമൺ, അടിവാരം, കുളത്തുങ്കൽ തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കുള്ള സർവിസ് ഭാഗികമായി തടസ്സപ്പെട്ടു. കൂടാതെ മാസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ പെരിങ്ങുളം- അടിവാരം റൂട്ടിലെ സർവിസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
80 ബസും 75 ഷെഡ്യൂളും നടത്തി എറണാകുളം സോണിലെ മികച്ച ഡിപ്പോ എന്ന അംഗീകാരം നേടിയിരുന്നു ഈരാറ്റുപേട്ട. എന്നാൽ, ഡിപ്പോയെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. കോവിഡ് കാലത്ത് 25ലധികം ബസ് ഈരാറ്റുപേട്ടയിൽനിന്ന് പിൻവലിച്ചിരിന്നു. എന്നാൽ, കോവിഡാനന്തരം അവയൊന്നും ഡിപ്പോയിലേക്ക് തിരിച്ചെത്തിയിട്ടില്ല.
ദീർഘദൂര സർവിസുകളും മലയോര സർവിസുകളും ആരംഭിക്കാത്തതിൽ നിരവധി പ്രക്ഷോഭം ഉണ്ടായതാണ്. എം.എൽ.എയുടെ ഇടപെടൽകൊണ്ട് അവസാനം 32 ഷെഡ്യൂൾ നിലനിർത്തിയിരുന്നു. അതിൽനിന്നാണ് ഇത്രയധികം സർവിസുകൾ ഉത്സവ സീസൺ ആരംഭിച്ചതിന്റെ പേരിൽ റദ്ദാക്കിയത്. കോവിഡ് സാഹചര്യത്തിൽ കലക്ടറുടെ നേരിട്ടുള്ള നിർദേശപ്രകാരം ആരംഭിച്ചതാണ് ഈരാറ്റുപേട്ട- മെഡിക്കൽ കോളജ് സർവിസ്. അനേകം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായ ഈ സർവിസും ഇപ്പോൾ റദ്ദാക്കി.
പത്തോളം സർവിസാണ് കഴിഞ്ഞയിടയായി അവസാനിപ്പിച്ചത്. പുലർച്ച 4.30ന് ആരംഭിച്ച് രാത്രി 10 വരെ ഏകദേശം 16 ട്രിപ് മലയോര മേഖലയിലേക്ക് സർവിസ് നടത്തിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര പരിശ്രമംമൂലമായിരുന്നു സർവിസുകളെല്ലാം ആരംഭിച്ചതും നിലനിർത്തിയതും. അതെല്ലാം പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കുകയാണ്.
ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും പാലായിലുമെല്ലാം പഠിക്കുന്ന വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുകയാണ്. ഒരുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 8.20ന് തുടങ്ങിയ ആലപ്പുഴ ഫാസ്റ്റ് സർവിസും ഇപ്പോൾ ഇല്ല. രാത്രി എട്ടിനു ശേഷം കോട്ടയത്തുനിന്ന് ഈരാറ്റുപേട്ടക്ക് സർവിസ് ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങുന്നത്.
രാത്രി 9.20ന് ഈരാറ്റുപേട്ടയിൽനിന്ന് അടിവാരത്തേക്ക് പുറപ്പെട്ടിരുന്ന സ്റ്റേ ബസ് പൂഞ്ഞാർ റൂട്ടിലെ പ്രധാന ട്രിപ്പായിരുന്നു. ദീർഘദൂര യാത്രക്കാർക്ക് വളരെയേറെ പ്രയോജനം ചെയ്തിരുന്ന ബസ് സർവിസും നിലച്ചു.
മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷം വരുന്ന ബസിൽ മുഴുവൻ യാത്രക്കാരും ഇടിച്ചുകയറുന്നത് വൻ അപകടസാധ്യതക്കും വഴിയൊരുക്കും. കഴിഞ്ഞയാഴ്ച തീക്കോയിൽ ഓട്ടത്തിനിടെ ചരിഞ്ഞ ബസിൽനിന്ന് പകുതിപ്പേരെ ഇറക്കിയാണ് യാത്ര തുടർന്നത്. ഈ ദുരവസ്ഥയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.