പടുതക്കീഴിൽ ജീവിതം നരകിച്ച് കുടുംബം; വീടെന്ന സ്വപ്നം അകലെ
text_fieldsഈരാറ്റുപേട്ട: മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയും പ്രായമായ രണ്ട് പെൺമക്കളുമായി പടുതക്കീഴിൽ ജീവിച്ച് തീർക്കുകയാണ് തിടനാട് മാടമല സ്വദേശി പാറക്കൽ സജികുമാർ. വീടെന്ന സ്വപ്നം ഈ കുടുംബത്തിന് അകലെയാണ്. പടുതക്ക് കീഴിലെ ഈ ജീവിതം തുടങ്ങിയിട്ട് രണ്ടുവർഷമായി.
ആകെയുള്ള സമ്പാദ്യമായ 10 സെൻറിൽ പടുത വലിച്ചുകെട്ടി താമസിക്കുകയാണ് കുടുംബം. മഴ പെയ്യുമ്പോൾ കീറിയ പ്ലാസ്റ്റിക് പടുതയിലെ വെള്ളവും തൊട്ടടുത്ത പറമ്പിൽനിന്നുള്ള വെള്ളവും ഷെഡിനകത്ത് കൂടിയാണ് ഒഴുകുന്നത്. 13, 12 വയസ്സുള്ള പെൺമക്കളെ ഭാര്യയെ ഏൽപിച്ചശേഷം തൊഴിൽചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ പോകാൻ സാധിക്കുന്നില്ല.
ഭാര്യക്ക് മാസംതോറും മൂവായിരം രൂപയുടെ മുകളിൽ മരുന്നിന് ചെലവാകുന്നുണ്ട്. മൂന്നിലവുകാരനായ സജി വർഷങ്ങളായി ഭാര്യവീടായ തിടനാട് മാടമലയിലാണ് താമസം. ലൈഫ് ഭവനപദ്ധതിയിൽ പ്രഥമപരിഗണ സജികുമാറിന് നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് വെള്ളൂക്കുന്നേൽ പറയുന്നത്.
വാഗ്ദാനങ്ങൾ മുറക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ കുടുംബത്തിെൻറ ജീവിതം കരകയറാൻ ഉദാരമതികളുടെ കനിവ് വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.