മീനച്ചിലാറ്റിലേക്ക് മലിനജലം; ഹോട്ടൽ പൂട്ടിച്ചു
text_fieldsഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിലെ വെജിറ്റേറിയൻ ഹോട്ടലിനെതിരെ നടപടി. ഹോട്ടൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചത്. അമ്പതിനായിരം രൂപ പിഴയും ഈടാക്കി. സെപ്റ്റിക് ടാങ്ക് ചോർച്ച കണ്ടതിനെതുടർന്ന് തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നോട്ടീസ് നൽകി. അനേകം ജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിച്ചുകൊണ്ടിരുന്ന കടവിലാണ് മലിനജലം ഒഴുക്കിയിരുന്നത്.
ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് ഇതുവഴി കടന്ന് പോകുന്നത്. പൊതുനിരത്തിൽ രാത്രി മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ സ്പെഷൽ സ്ക്വാഡുകളെ ചുമതലപെടുത്തിയും പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പുവരുത്തിയും മാലിന്യ മുക്ത നാടിനായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു.
ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ക്ലീൻസിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.