വേനൽ: മലയോര മേഖലകളിൽ രോഗങ്ങൾ വ്യാപിക്കുന്നു
text_fieldsഈരാറ്റുപേട്ട: വേനൽ കടുത്തതോടെ മലയോര മേഖലകളിൽ വേനൽക്കാല രോഗങ്ങളും വ്യാപിക്കുന്നു. ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നില്ലായെന്ന് ജനങ്ങളുടെ ആക്ഷേപം.
കടുത്ത ചൂടിനൊടൊപ്പം വായുജലജന്യ രോഗങ്ങളുമായാണ് എല്ലാവർഷവും വേനലിനൊടൊപ്പം ശക്തമാകുന്നത്. വേനലിൽ അമിതവിയർപ്പു മൂലം ശരീരത്തിലെ ജലം നഷ്ടപ്പെടുകയും ഇതുവഴി അസുഖങ്ങൾ വർധിക്കാനുള്ള സാധ്യതയുമുണ്ട്. ചിക്കൻപോക്സ്, അഞ്ചാംപനി, വയറുകടി, ശ്വാസകോശ രോഗങ്ങൾ, നേത്ര രോഗങ്ങൾ, ത്വഗ് രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നാട്ടിൽ കണ്ടുവരുന്ന വേനൽക്കാല രോഗങ്ങൾ. ടൈഫോയ്ഡ്, അതിസാരം, മഞ്ഞപ്പിത്തം, ഉദരരോഗങ്ങൾ എന്നിവ ഈ കാലാവസ്ഥയിൽ പിടിപെടാൻ സാധ്യതയുണ്ട്. മലമ്പനി, ഡെങ്കിപ്പനി എന്നിവക്കെതിരെയും ജാഗ്രത പുലർത്തേണ്ടതുണ്ട്.
കൂടുതൽ സമയം തീവ്രമായ ചൂടുകൊള്ളുമ്പോൾ തലവേദന, ഛർദി, ക്ഷീണം, ബോധക്ഷയം നെഞ്ചിടിപ്പ് വർധിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ അത് സൂര്യാഘാതം മൂലമാകാം. ചെങ്കണ്ണ് പോലുള്ള കണ്ണുരോഗങ്ങൾ വേനൽകാലത്ത് അധികമായി കാണാറുണ്ട്. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കണം.
പാകംചെയ്ത ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക. ചൂടുകാലത്ത് ശരീരത്തിൽനിന്ന് കൂടുതലായി ജലം നഷ്ടപ്പെടും. ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്തുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിലൂടെ നിർജലീകരണം തടയാൻ കഴിയും. സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയർപ്പിലൂടെ നഷ്ടപ്പെട്ടാൽ ശരീരം പെട്ടന്ന് ക്ഷീണിക്കും. നിർജലീകരണം വൃക്കകൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ് ഇത് നിരവധി ആരോഗ്യപ്രശ്ങ്ങൾക്കും കാരണമായേക്കാം.
ശുദ്ധജലക്ഷാമം രൂക്ഷം
പൊൻകുന്നം: വേനൽ കനത്തതോടെ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ചെറിയ തോടുകൾ പലതും വറ്റിത്തുടങ്ങി. കിണറുകളിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. വെള്ളക്ഷാമം തുടങ്ങിയതോടെ ടാങ്കർ ലോറികളിലെ വെള്ളം വിതരണക്കാർ സജീവമായി. പലയിടങ്ങളിലും കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ടാങ്കർ വെള്ളത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പൊൻകുന്നം ടൗണിനോട് ചേർന്ന് വറ്റാത്ത വെള്ളവുമായി സ്ഥിതിചെയ്തിരുന്ന നാല് കിണറുകളാണ് റോഡ് വികസനം വന്നതോടെ വിസ്മൃതിയിലായത്. പഴയ കാലത്ത് നിർമിച്ചിരുന്ന കിണറുകളിൽ പൊൻകുന്നം ടൗണിൽ രാജേന്ദ്രമൈതാനത്തെ കിണർ മാത്രമാണ് ഇനി ബാക്കിയുള്ളത്. പൊൻകുന്നത്ത് കെ.വി.എം.എസ് ജങ്ഷൻ, പഴയചന്ത, പൊൻകുന്നം പള്ളിപ്പടി, അട്ടിക്കൽ എന്നിവിടങ്ങളിലെ കിണറുകളാണ് മൂടിയത്. പൊൻകുന്നം-പാലാ റോഡ് വികസനത്തിന്റെ പേരിൽ അവസാനം മൂടിയ അട്ടിക്കലിലെ കിണർമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായിരുന്നു. കിണർ മൂടുന്നതിന് നാട്ടുകാർ എതിർപ്പുമായി എത്തിയപ്പോൾ മൂടുന്ന കിണറിന് പകരമായി കുഴൽക്കിണർ നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.