പേപ്പട്ടി ആക്രമണം; ഒമ്പതുപേർ ആശുപത്രിയിൽ
text_fieldsഈരാറ്റുപേട്ട: പേപ്പട്ടിയുടെ ആക്രമണത്തിൽ തെക്കേക്കര സ്വദേശികൾക്ക് കടിയേറ്റു. ശനിയാഴ്ച രാവിലെ പത്തോടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് തുടങ്ങി മന്തക്കുന്നുവരെ ഒന്നര കി.മീറ്ററിനുള്ളിൽ ഓടിനടന്ന് പേപ്പട്ടി കടിച്ചത് 11പേരെയാണ്. അമൽ മുഹമ്മദ് (20), തുങ്ങൻപറമ്പിൽ മാഹീൻ സബീർ (20), വെളുത്തേരി വിട്ടിൽ ഹൈഫ മനാഫ് (36), അമ്മു (എട്ട്), മുത്തുരാജ് (45), ദിവ്യ (19), പറമ്പുകാട്ടിൽ സഫ മറിയം (ഒമ്പത്), അഞ്ചുവയസ്സുള്ള രണ്ടു കുട്ടികളും ഒരു അന്തർ സംസ്ഥാന തൊഴിലാളിയും ഇതിൽ ഉൾപ്പെടുന്നു.വീട്ടമ്മയെ നായ ഉപദ്രവിക്കുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ തെക്കേക്കര സ്വദേശി കിണറ്റുംമൂട്ടിൽ ജുനൈദിന് കൈക്ക് ആഴത്തിൽ മുറിവേറ്റു.
ഈരാറ്റുപേട്ട ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം എല്ലാവരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് തുടർചികിത്സക്ക് അയച്ചു. പിന്നീട് പട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.
കലുങ്ക് ഭാഗം, ആനപ്പടി, ജവാൻ റോഡ്, മന്തക്കുന്ന് എന്നീ ഭാഗങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ധാരാളം വളർത്തുമൃഗങ്ങളെയും ഉപദ്രവിച്ചതായി പ്രദേശവാസികൾ പറയുന്നു.നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, ആേരാഗ്യകാര്യ ചെയർപേഴ്സൻ ഡോ. സഹല ഫിർദൗസ്, മെഡിക്കൽ ഓഫിസർ ഡോ. നിഹാൽ മുഹമ്മദ് തുടങ്ങിയിവർ ചേർന്ന് വേണ്ട നടപടി സ്വീകരിച്ചു.
സമീപകാലത്തായി ഈരാറ്റുപേട്ടയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. വൈകുന്നേരമായാൽ ഇടറോഡുകളും ആളൊഴിഞ്ഞ പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കുകയാണ്. നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.