വഴിവിളക്കുകൾ കണ്ണടച്ചു; നഗരസഭയുടെ ഭൂരിഭാഗവും കൂരിരുട്ടിൽ
text_fieldsഈരാറ്റുപേട്ട: വരുന്ന പത്ത് ദിവസങ്ങളിൽ നാടുംനഗരവും ഇളക്കി നഗരോത്സവത്തിന് തിരിതെളിയുമ്പോൾ വഴിവിളക്കുകൾ മിഴിയടച്ചതോടെ നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും കൂരിരിട്ടിലാണ്.
ഈരാറ്റുപേട്ട-പാലാ റൂട്ടിൽ മുട്ടം ജങ്ഷൻ മുതൽ നഗരസഭ അതിർത്തിയായ കോളജ് ജങ്ഷൻ വരെയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ പൂഞ്ഞാർ റോഡിന്റെ അതിർത്തിവരെയും ഉൾപ്പെടുന്ന 416 വൈദ്യുതി പോസ്റ്റുകളിലെ വഴിവിളക്കുകളാണ് തെളിയാതെ നിൽക്കുന്നത്. മാസങ്ങളായി ഈ അവസ്ഥ തുടർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല.
കെ.എസ്.ഇ.ബിയിൽ പരാതിപ്പെടുമ്പോൾ വഴിവിളക്കുകളുടെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നാണ് മറുപടി. എന്നാൽ, സർക്കാറിന്റെ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ് ഈ ഗതികേടിന്റെ കാരണമെന്ന് നഗരസഭ ചെയർപേഴ്സൻ പറയുന്നു.
വർഷങ്ങളായി നഗരസഭയാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതും തകരാറുകൾ പരിഹരിക്കുന്നതും. എന്നാൽ, നിലാവ് പദ്ധതി വന്നപ്പോൾ പഴയ ബൾബുകൾ മാറി എൽ.ഇ.ഡിയുടെ വാട്സ് കുറഞ്ഞതാക്കിയെങ്കിലും ഒരുതവണ മാത്രമാണ് വഴിവിളക്കുകൾ കത്തിയത്. വിഷയം കെ.എസ്.ഇ.ബി അധികൃതരുമായി പലതവണ ചർച്ച നടത്തിയെങ്കിലും അവർ സഹകരിക്കുന്നില്ലെന്നാണ് നഗരസഭയിൽനിന്ന് ലഭിക്കുന്ന വിവരം.
നിലവിലെ വൈദ്യുതി തൂണുകളിൽനിന്നും നിലാവ് പദ്ധതിയുടെ കണക്ഷനുകൾ മാറ്റിയാൽ നഗരസഭയുടെ ഉത്തരവാദിത്തത്തിൽ വഴിവിളക്കുകൾ തെളിക്കാൻ കഴിയും. ഈരാറ്റുപേട്ട-പാലാ റൂട്ടിൽ ഒന്നര കിലോമീറ്റർ രാത്രിയായാൽ കൂരിരിട്ടാണ്. ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവരും പ്രഭാത നടപ്പുകാരും മൊബൈൽ വെളിച്ചത്തിലാണ് യാത്ര ചെയ്യുന്നത്. വഴിയരികിലെ ഏതാനും വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചമാണ് നടപ്പുകാർക്ക് ഏക ആശ്രയം.
പൊലീസ് സ്റ്റേഷൻ പരിസരത്തെ കാടുപിടിച്ച സ്ഥലത്ത് നായ്ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. സോളാർ ഹൈമാസ്റ്റ് ലൈറ്റുകൾപോലും സ്ഥാപിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ബോർഡ് കാടുമൂടിയ നിലയിലാണ്. കെ.എസ്.ഇ.ബി ഓഫിസും സ്ഥിതിചെയ്യുന്നത് ഈ ഭാഗത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.