അധികൃതർക്ക് നിസ്സംഗത: മോഷ്ടാക്കൾ വിലസുന്നു; അനങ്ങാതെ പൊലീസ്
text_fieldsഈരാറ്റുപേട്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക മോഷണവും മോഷണ ശ്രമവും നടന്നിട്ടും പൊലീസ് നിസ്സംഗത തുടരുന്നു. വേണ്ടത്ര അന്വേഷണം നടത്താനോ കുറ്റക്കാരെ കണ്ടെത്താനോ പൊലീസിന് കഴിയുന്നില്ല. രണ്ടു മാസമായി മേഖലയിൽ പകലും രാത്രിയിലുമായി മോഷണ പരമ്പരയാണ് നടക്കുന്നത്. ജനമൈത്രി പൊലീസും ഇടപെടുന്നില്ല. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന ജന ജാഗ്രത സമിതികൾ രൂപവത്കരിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്യേണ്ടതാണ്. അത്തരത്തിലുള്ള ഒരു നീക്കവുമില്ല. കൺട്രോൾ റൂം വെഹിക്കിൾ ഉൾപ്പെടെ രണ്ട് പൊലീസ് വാഹനങ്ങൾ സ്റ്റേഷനിൽ ഉണ്ടെങ്കിലും പട്രോളിങ് കാര്യക്ഷമമല്ല.
രാത്രി ടൗണുകളിൽ മാത്രം മിന്നൽ സന്ദർശനം നടത്തി മടങ്ങാറാണ് പതിവ്. ഉൾപ്രദേശങ്ങളിലേക്ക് പട്രോളിങ് ഇല്ലെന്ന് തന്നെ പറയാം. പൂഞ്ഞാർ, തീക്കോയി, തലപ്പലം ഞണ്ട് കല്ല്, മേശരിപടി പോലുള്ള ഉൾ പ്രദേശങ്ങളിലാണ് കൂടുതലും മോഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച തീക്കോയി ടൗണിൽ ഒരു രാത്രി തന്നെ ആറിലധികം സ്ഥാപനങ്ങളിൽ മോഷണ ശ്രമം നടന്നു.
എല്ലാ കടകളുടെയും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽനിന്ന് 40,000 രൂപയും നീതി മെഡിക്കൽ ഷോപ്പ് ഉൾപ്പെടെ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങളും കളവ് പോയി. പ്രദേശത്തെ കാമറകളിലെല്ലാം മോഷ്ടാവിന്റെ ചിത്രം കിട്ടിയിട്ടുണ്ട്. മുഖം മൂടി കെട്ടി ശരീരം മുഴുവൻ മറയുന്ന വസ്ത്രവും ധരിച്ചാണ് രാത്രി മോഷ്ടാവ് എത്തുന്നത്. മോഷണത്തിന്റെ രംഗങ്ങൾ ആദ്യവസാനം സി.സി ടി.വിയിൽനിന്ന് ലഭിച്ചാലും പ്രതിയിലേക്ക് എത്തിച്ചേരാൻ പൊലീസിന് കഴിയുന്നില്ല.
പ്രതിയെ കണ്ടെത്തേണ്ട ഉത്തരവാദിത്തം നാട്ടുകാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്. പരാതി വാങ്ങിവെക്കുന്നതല്ലാതെ കേസ് രജിസ്റ്റർ ചെയ്യാനോ കൃത്യമായി രസീത് കൊടുക്കാനോ തുടരന്വേഷണം നടത്തി പ്രതികളെ പിടിക്കാനോ പൊലീസ് തയാറാകുന്നില്ല. സാമൂഹിക വിരുദ്ധശല്യം കാണിച്ച് പരാതിപ്പെട്ടാലും ഇത് തന്നെയാണ് അവസ്ഥ. തീക്കോയി ഞണ്ടുകല്ല് ഭാഗത്ത് രാത്രി വീടിന്റെ പരിസരത്ത് കൂടി കറങ്ങി നടക്കുന്ന യുവാവിനെ നാട്ടുകാരാണ് പിടിച്ച് പൊലീസിന് കൈമാറിയത്.
പകൽപോലും വ്യാപാര സ്ഥാപനങ്ങളിലെ തട്ടിപ്പ് ദൈനം ദിനം വാർത്തയാണ്. കോഴിക്കടകളിലും പലചരക്ക് കടകളിലുമെത്തി കൂടുതൽ സാധനങ്ങൾ ഓർഡർ ചെയ്തിട്ട് തൊട്ടടുത്ത സ്ഥാപനത്തിൽ കൊടുക്കാനാണെന്ന് പറഞ്ഞ് ആയിരവും രണ്ടായിരവും ഒക്കെ വാങ്ങി മുങ്ങുന്ന വിരുതൻമാരും ഇതിനിടയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.