തേവരുപാറ കുടിവെള്ള പദ്ധതി; മനുഷ്യാവകാശ കമീഷൻ ഉത്തരവ് അട്ടിമറിച്ചു
text_fieldsഈരാറ്റുപേട്ട: തേവരുപാറ കുടിവെള്ള പദ്ധതി പുനരുദ്ധരിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ് ജല അതോറിറ്റി അട്ടിമറിച്ചെന്ന് ആക്ഷേപം. ഈരാറ്റുപേട്ടയിലെയും സമീപ പഞ്ചായത്തായ തീക്കോയിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ 1970ലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. മീനച്ചിലാറ്റില്‍ ഈലക്കയത്ത് മോട്ടോറും കിണറും സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഉയര്‍ന്ന പ്രദേശമായ തേവരുപാറയിലെ ടാങ്കില്‍ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
തുടക്കത്തില്‍ എണ്ണൂറോളം കണക്ഷനും മുന്നൂറോളം പൊതുടാപ്പും പദ്ധതിയില്‍ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്താത്തതും വാട്ടർ അതോറിറ്റിയുടെ അവഗണനയും കാരണം പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.
2011ലെ വെള്ളപ്പൊക്കത്തിൽ വാട്ടർ അതോറിറ്റിയുടെ ഈലക്കയം പമ്പ് ഹൗസും ലക്ഷങ്ങൾ വില വരുന്ന മോട്ടോറുകളും ഒഴുകിപ്പോയി. എന്നാൽ, പിന്നീട് ഇതുവരെ പമ്പ് ഹൗസ് പുനഃസ്ഥാപിച്ചിട്ടില്ല. ശുദ്ധീകരണം നടത്താതെയാണ് ഇപ്പോൾ വെള്ളം പമ്പ് ചെയ്യുന്നത്.
മഴക്കാലത്ത് ചളിവെള്ളം കലർന്ന ജലവും വേനൽ കാലത്ത് ദുർഗന്ധം വമിക്കുന്ന മലിനജലവുമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇതു പകർച്ചവ്യാധികൾ വർധിക്കാൻ കാരണമാവുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു.
തൂണുകൾ ദ്രവിച്ചതിനാൽ വാട്ടർ ടാങ്ക് നിലംപൊത്തറായി. തേവരുപാറ റോഡ് സൈഡിലാണ് ടാങ്ക് സ്ഥിതിചെയ്യുന്നത്. സമീപത്ത് വീടുകളുമുണ്ട്. വാട്ടർ ടാങ്ക് തകർന്നാൽ അപകടങ്ങൾക്ക് ഇടയാകുമെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റിക്കും ജലവിഭവ വകുപ്പിനും നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തുടർന്ന് ജനകീയ വികസന ഫോറം പ്രസിഡന്റ് പൊന്തനാൽ മുഹമ്മദ് ഷരീഫ് കുടിവെള്ള പദ്ധതി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ 2023 മേയ് മൂന്നിന് ഹരജി നൽകി.
തുടർന്ന് ഈ ഹരജിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരനെ അറിയിക്കണമെന്ന് സംസ്ഥാന വാട്ടർ അതോറിറ്റി പാലാ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് 2023 ഒക്ടോബർ 17ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, ഉത്തരവ് നൽകിയിട്ട് എട്ടുമാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി പാലാ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറിൽനിന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് ഷെരീഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.